ചാലക്കുടി: ശ്രീനാരായണ പ്രസ്ഥാനത്തെ ഒരു വിശ്വോത്തര പ്രസ്ഥാനമാക്കി സംഘടിപ്പിക്കുന്നതിൽ അതിമഹത്തായ സംഭാവനകൾ ചെയ്ത പുണ്യപുരുഷനാണ് സ്വാമി ഗീതാനന്ദയെന്ന് ഗീതാനന്ദ ഗായത്രീ ആശ്രമം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഗായത്രീ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 26-ാം സ്വാമി ഗീതാനന്ദ അനുസ്മരണ സമ്മേളനത്തിൽ സമാധി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1984 ൽ മോസ്‌കോയിൽ നടന്ന ലോകസമാധന സമ്മേളനത്തിൽ ഭാരതത്തിന്റെ പ്രതിനിധിയായി പങ്കെടുത്തത് സ്വാമി ഗീതാനന്ദയായിരുന്നു. ശിവഗിരി മഠം പ്രസിഡന്റ് ജനറൽ സെക്രട്ടറി, പ്രഭാഷകൻ ഗുരുദേവ കൃതികളുടെ വ്യാഖ്യാതാവ് എന്നീ നിലകളിൽ സ്വാമികൾ ചിരസ്മരണീയനായി. സ്വാമിയുടെ സമാധി പീഠത്തിൽ പ്രാർത്ഥന സമൂഹാർച്ചന എന്നിവയ്ക്കു ശേഷം ആശ്രമാദ്ധ്യക്ഷൻ സച്ചിദാനന്ദ സ്വാമികൾ സ്വാമി ഗീതാനന്ദസ്മൃതിപ്രഭാഷണം നടത്തി.
ശ്രീ നാരായണ പഠനകേന്ദ്രം ഭാരവാഹികളായ സുരേഷ് കുമാർ, കെ.സി. ഇന്ദ്രസേനൻ എന്നിവർ പ്രസംഗിച്ചു. കൊരട്ടി ശാഖാ പ്രസിഡന്റ് സുന്ദർലാൽ ഗീതാനന്ദ സ്വാമികളുടെ കൃതികൾ ആലാപനം ചെയ്തു.