suresh-gopi

തൃശൂർ: ശബരിമല പ്രചാരണവിഷയമല്ല, വികാരവിഷയമാണെന്ന് നടനും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായി സുരേഷ് ഗോപി എം.പി പറഞ്ഞു.ശബരിമല വികാരം പേറുന്നവരിൽ ഹിന്ദുക്കളല്ല കൂടുതൽ. എല്ലാവർക്കും ഭയപ്പാടുണ്ട്. വിവിധ ക്രിസ്തീയ സഭകളിൽ ആ ഭയപ്പാട് കണ്ടു. സുപ്രീംകോടതി വിധി ആയുധമാക്കി എന്ത് തോന്ന്യവാസമാണ് കാണിച്ചതെന്ന് എല്ലാവർക്കും അറിയാം. ആ തോന്ന്യവാസികളെ ജനാധിപത്യ രീതിയിൽ വകവരുത്തണം. ശബരിമല ജനങ്ങളുടെ വിഷയമാണ്. ബി.ജെ.പിയുടെയോ കോൺഗ്രസിന്റെയോ വിഷയമല്ല. മറ്റുള്ളവർക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലെന്നും വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രളയം തുറന്നുവിട്ടതും ഓഖി ആഞ്ഞടിച്ച് നശിപ്പിച്ചതുമായ കഴിഞ്ഞ അഞ്ചു വർഷത്തെ പശ്ചാത്തലമെല്ലാം ഓർമ്മയിലുണ്ടാകണം. ശബരിമലയെ സംബന്ധിച്ചും ആചാരസംരക്ഷണത്തിലും മറ്റ് മതങ്ങളിൽ എന്ത് വ്യവസ്ഥിതിയാണോ നിലനിൽക്കുന്നത്, ആ തുല്യത എല്ലാമതവിഭാഗങ്ങൾക്കും കൊണ്ടുവരുമെന്ന് നെഞ്ചത്തടിച്ച് പറഞ്ഞാൽ ആർക്കും അതെതിർക്കാൻ സാധിക്കില്ല. സൗഖ്യവും സൗകര്യവും എല്ലാമതവിഭാഗങ്ങൾക്കും ഉണ്ടാകണം. എല്ലാ നല്ല കാര്യങ്ങളും ചെയ്യുമ്പോൾ ഗുരുക്കന്മാർ, അമ്മ, അച്ഛൻ, പിതൃക്കൾ എന്നിവരെയെല്ലാം വണങ്ങി സ്ഥാപിതമായ വിശ്വാസകേന്ദ്രങ്ങളിൽ അടിമപ്പെട്ട് തുടങ്ങണം.

'തൃശൂർ ഇങ്ങ് തരുവാ'

'തൃശൂർ ഇങ്ങെടുക്കുവാ'എന്നതായിരുന്നു കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിലെ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്. ഇത്തവണ പുതിയ ഡയലോഗാണ്: 'തൃശൂർ ഇങ്ങ് തരുവാ' .

തൃശൂർ ഇങ്ങെടുക്കുവാ'എന്ന് താൻ പറഞ്ഞത് എല്ലാവരുടേയും മനസിലുണ്ടെങ്കിലും ഇപ്പോൾ ജനങ്ങൾ പറയുന്നത് തൃശൂർ ഞങ്ങൾക്ക് തരുമെന്നാണ്.തന്നാൽ ഉറപ്പായിട്ടും അവർ പശ്ചാത്തപിക്കേണ്ടി വരില്ലെന്നും

വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഇതുക്കും മേലെ'

വടക്കുന്നാഥനെ സാക്ഷിയാക്കി തൃശൂരിനെ 'ഇതുക്കും മേലെ' ആക്കിത്തീർക്കാൻ പ്രവർത്തിക്കും. ജനാധിപത്യ സംവിധാനത്തിലൂന്നി പ്രവർത്തിക്കും. എം.എൽ.എയുടെ പരിധിക്കുള്ളിൽ നിന്ന് മാത്രമാകില്ല തൃശൂരിന്റെ വികസനം. സാംസ്കാരികമായ എല്ലാം ഇവിടെ ഉയർത്തേണ്ടതുണ്ട്. എല്ലാവരുടെയും ജീവിതസൗഖ്യത്തിലേക്കുളള വളർച്ചയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു.