sureshgopi

തൃശൂർ: വടക്കുന്നാഥനെ പ്രാർത്ഥിച്ച്, ശക്തൻ തമ്പുരാന്റെ പ്രതിമയിൽ താമരമാലയണിയിച്ച് അണികളുടെയും ആരാധകരുടെയും ഇടയിലേക്ക് സുരേഷ് ഗോപിയുടെ കിടിലൻ രംഗപ്രവേശം. നഗരവീഥികളിലൂടെ, വൻജനക്കൂട്ടത്തിനിടയിലൂടെ തുറന്ന ജീപ്പിൽ കൈകൾ വീശി സ്വരാജ് റൗണ്ട് ചുറ്റി തെക്കേഗോപുര നടയിൽ പ്രചാരണത്തിന്റെ ആദ്യദിനത്തിന് തിരശ്ശീല വീണു. തൃശൂർ മണ്ഡലം മാസ് ത്രികോണമത്സരത്തിലേയ്ക്ക്.

ഇന്നലെ രാവിലെ വടക്കുന്നാഥ ക്ഷേത്രത്തിലെത്തുമ്പോൾ സുരേഷ്‌ ഗോപിയുടെ കൈയിൽ ഒരു കുപ്പി നെയ്യുണ്ടായിരുന്നു. പരമശിവന് നെയ്യഭിഷേകം സമർപ്പിക്കാൻ. ക്ഷേത്രത്തിലെ എല്ലാ ദേവീദേവൻമാരെയും തൊഴുത് ഇലഞ്ഞിയുടെ ചുവട്ടിൽ നിന്ന് വീണ്ടും പ്രാർത്ഥിച്ച് തെക്കേഗോപുര നടയിറങ്ങുമ്പോൾ മാദ്ധ്യമപ്പട. ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കുമെന്ന് ആവർത്തിച്ചും ഇടതുസർക്കാരിന്റെ വിശ്വാസികളോടുളള നിലപാടിനെ തുറന്നെതിർത്തും മറുപടി.

തിരുവമ്പാടി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കുഞ്ഞിന്റെ ചോറൂണിനെത്തിയ ദമ്പതികളെ കണ്ടത്. ചോറൂണ് നടത്തിയ ശേഷം ,പാറമേക്കാവിലമ്മയുടെ അനുഗ്രഹവും വാങ്ങി പ്രഭാതഭക്ഷണത്തിന് നഗരത്തിലെ താത്കാലിക വസതിയിലേക്ക്. രാമവർമ്മപുരം സെന്റ് ജോസഫ് ഓർഫനേജിലെത്തിയ ശേഷം എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ ഓഫീസിൽ. യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ സ്വീകരിച്ചു. കൂർക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിലെ എസ്.എൻ.ബി.പി ഓഫീസിലുമെത്തി. ക്ഷേത്രം അടച്ചെങ്കിലും പുറത്ത് നിന്ന് തൊഴുത് മടങ്ങി.

സേവാഭാരതി ഓഫീസിലെത്തി ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമം.അതുകഴിഞ്ഞ് ശക്തൻനഗറിലെ ആരവങ്ങളിലേക്ക് നായകപരിവേഷത്തോടെ. ഇളംമഞ്ഞ നിറത്തിലുള്ള കുർത്തയും പൈജാമയും ധരിച്ച് ശക്തന്റെ പ്രതിമയിലേക്ക് നടന്നുകയറി താമരമാലയിടുമ്പോൾ ഹർഷാരവവും മുദ്രാവാക്യം വിളികളും . തുറന്ന ജീപ്പിലേക്ക് കയറിയതോടെ വീണ്ടും ജനങ്ങൾ ആർത്തിരമ്പി.കടകൾക്ക് മുന്നിലും കെട്ടിടങ്ങൾക്ക് മുകളിലും നിരവധി പേർ . സ്ത്രീകളും കുട്ടികളും ഏറെയുണ്ടായിരുന്നു. കാവടികളും കുതിരപ്പുറത്തേറിയ പടയാളി വേഷധാരികളും ശിങ്കാരിമേളവും കുങ്കുമവും പച്ചയും കലർന്ന ബലൂണുകളും നിറഞ്ഞു. തെക്കേഗോപുര നടയിൽ പ്രചാരണം സമാപിക്കുമ്പോഴേയ്ക്കും രാത്രിയായി. 'തൃശൂർ ഞങ്ങൾ തരുവാ' എന്നത് സാക്ഷ്യപ്പെടുത്തുകയാണ് ആൾക്കൂട്ടമെന്ന് വിശ്വസിക്കുന്നു, എൻ.ഡി.എ. നേതാക്കളും അണികളും.


എസ്.ജി. ഫോർ തൃശൂർ

ഇനിയുള്ള ദിവസങ്ങളിൽ എസ്.ജി സായാഹ്നമാണ് ഒരുക്കിയിരിക്കുന്നത്. എസ്.ജി എന്നാൽ സുരേഷ്‌ഗോപി. ചേറ്റുപുഴയിലും ശങ്കരംകുളങ്ങര ജംഗ്ഷനിലുമെല്ലാം സായാഹ്നപരിപാടികൾ അരങ്ങേറും. എസ്.ജി. ഫോർ തൃശൂർ എന്നെഴുതിയ, സുരേഷ്‌ഗോപിയുടെ ചിത്രം ആലേഖനം ചെയ്ത വെളുത്ത ടീഷർട്ടുകളണിഞ്ഞ നൂറുകണക്കിന് അണികൾ ഇന്നലെയും പ്രചാരണത്തിനുണ്ടായിരുന്നു.