
തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്രം വിളക്ക് ശനിയാഴ്ച ആഘോഷിക്കും. ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്ത് തിരിച്ച് എഴുന്നള്ളുന്ന തേവർ വെണ്ട്രാശ്ശേരിയിലെത്തുമ്പോൾ ഭക്തർക്ക് കഞ്ഞി നൽകും. തുടർന്ന് ക്ഷേത്രത്തിൽ തിരിച്ചെത്തി ഉഷപൂജ കഴിഞ്ഞ് ഊരായ്മക്കാർ കുളിച്ച് വന്ന് മണ്ഡപത്തിൽ ഇരുന്നാൽ ഉത്രം വിളക്ക് വച്ച് ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും.
ബ്രാഹ്മണിപ്പാട്ടിന് ശേഷം പടിഞ്ഞാറെ നടയിലെത്തുന്ന തേവർക്ക് പഞ്ചവാദ്യത്തോടെയുള്ള എതിരേൽപ്പ്, തുടർന്ന് തേവർ സേതുകുളത്തിൽ ആറാടും. ആറാട്ട് കഴിഞ്ഞ് തിരിച്ചെത്തിയാൽ വിളക്കാചാരം കഴിഞ്ഞ് അകത്തേക്ക് എഴുന്നള്ളും. തുടർന്ന് എഴ് ആനകളോടെ ഉത്രം വിളക്ക്, അത്താഴശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകളോടെ തേവരുടെ ആറാട്ടുപുഴ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.
ആറാട്ടുപുഴ പൂരത്തിനായി തൃപ്രയാർ തേവർ ഇന്ന് പുറപ്പെടും
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിനായി തൃപ്രയാർ തേവർ ഇന്ന് പുറപ്പെടും. തന്ത്രി ഇല്ലത്ത് നിന്നും മടങ്ങിയെത്തുന്ന തേവർ പുത്തൻകുളത്തിൽ ആറാടും. ശേഷം തിരിച്ചെത്തി ക്ഷേത്രച്ചടങ്ങ് പൂർത്തീകരിക്കും. വൈകീട്ട് നിയമവെടിയും അത്താഴപൂജയും അത്താഴ ശീവേലിയും കഴിഞ്ഞ് സ്വർണ്ണക്കോലത്തോട് കൂടിയായിരിക്കും ഭഗവാന്റെ പുറപ്പാട്.
ശ്രീ വിഷ്ണുമായ ഭഗവാനെ തൃപ്രയാർ ക്ഷേത്രം എൽപ്പിച്ച് തേവർ പുറപ്പെടുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. പൂരത്തിനെത്തുന്ന തേവർക്ക് വഴിനീളെ ഗംഭീര സ്വീകരണമാണ് ലഭിക്കുക. രാത്രി ഒമ്പതിന് ചിറക്കൽ സെന്ററിലെത്തുന്ന തേവരെ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിക്കും. കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന താമരമാല കൊണ്ട് ഭഗവാനെ അലങ്കരിക്കും. തുടർന്ന് ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളുന്ന തേവർ പല്ലിശ്ശേരി സെന്ററിൽ അഞ്ച് ആനകളോടെ പഞ്ചവാദ്യം കഴിഞ്ഞ് 11 ആനകളോടെ കൈതവളപ്പിലെത്തും. തുടർന്ന് കൂട്ടി എഴുന്നള്ളിപ്പ്. ശേഷം മന്ദാരം കടവിൽ ആറാട്ട്. പിന്നീട് ഉപചാരം പറഞ്ഞ് അടുത്ത വർഷത്തെ പൂരത്തിന് എത്തിക്കൊള്ളാം എന്ന് വാക്ക് കൊടുത്ത് തേവർ തിരിച്ചെഴുന്നള്ളും.