
മാള: മാളയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന കെ.എൽ.ഡി 3022 അംബാസിഡർ ഡീസൽ കാർ ഒരുകാലത്ത് താരമായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പഴയ തലമുറക്കാരുടെ ഹരമായിരുന്നു ഈ കാറും അതിന്റെ സാരഥിയും. 1965 മുതൽ തിരഞ്ഞെടുപ്പ് കാലത്ത് ലീഡറുടെ സാരഥിയായിരുന്നു മാളയ്ക്കടുത്തുള്ള ആലത്തൂർ സ്വദേശി യാക്കോബ്. 85 പിന്നിട്ടിട്ടും ഓർമ്മയുടെ ആഴങ്ങളിൽ ഇന്നും തെളിയുന്നുണ്ട് ലീഡർക്കൊപ്പമുള്ള പതിനായിരക്കണക്കിന് കിലോമീറ്റർ സവാരിയുടെ അനുഭവങ്ങൾ. ലീഡർക്കൊപ്പമുള്ള ഒരു ചിത്രം പോലും എടുത്ത് സൂക്ഷിച്ചില്ലെന്ന നഷ്ടബോധവും പടമാട്ടുമ്മൽ യാക്കോബിനുണ്ട്.
1965ൽ ബസിൽ വന്നിറങ്ങി കോൺഗ്രസ് നേതാക്കളെ തിരക്കിയ കരുണാകരനെ സഹായിച്ചതെല്ലാം ഇപ്പോഴും ഓർമ്മയിലുണ്ട്. അക്കാലത്ത് കടിച്ചീനി കുടുംബത്തിന്റെ കാർ ഓടിച്ചിരുന്നത് യാക്കോബായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നേതാക്കളുടെ ശുപാർശയിൽ വായ്പയെടുത്ത് വാങ്ങിയ അംബാസിഡർ കാറിലായിരുന്നു ലീഡർക്ക് സാരഥിയായത്. മാളയിൽ നിന്ന് നേതാക്കൾ ലീഡറെ കാണാൻ പോകുന്നതും ഈ കാറിലായിരുന്നു.
അവർക്കൊപ്പം ലീഡറുമൊത്ത് ഭക്ഷണം കഴിക്കാൻ മാത്രമല്ല അടുക്കളയിൽ വരെ കയറാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കാറിന്റെ പിന്നിലിരുന്ന് ലീഡർ സംസാരിക്കുന്നത് യാക്കോബിന്റെ ഓർമ്മകളിലുണ്ട്. ലീഡർക്ക് നല്ല സ്പീഡ് വേണമെന്നതിനാൽ അക്കാലത്ത് പകരം ആളെ വിടുന്നത് ഇഷ്ടമല്ലായിരുന്നു. കെ.എൽ.ഇ 3443 അംബാസിഡർ, കെ.എൽ.ആർ 1005 ഷെവർലെ കാറുകളും ഇക്കാലയളവിൽ യാക്കോബിന്റെ കൈകളിൽ വന്നുപോയി. ലീഡർ പതിവായി കഴിക്കുന്ന ചോറിനുള്ള ഞവര അരി നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന പതിവും യാക്കോബിനുണ്ട്.
ലീഡറുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൈക്ക് വച്ച് കെട്ടി പോകാനും യാക്കോബിന്റെ വാഹനം ഉപയോഗിച്ചിരുന്നു. ഒരിക്കൽ എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.എ തോമസ് ഒരു പെട്ടി പൊട്ടിക്കാനിരിക്കെ വിജയിച്ചുവെന്ന അനൗദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ കാറിന്റെ മുകളിൽ നിന്ന് മൈക്ക് സെറ്റ് അഴിച്ചുവയ്ക്കേണ്ടി വന്നതും കുഴൂർ പഞ്ചായത്തിലെ അവസാന പെട്ടി പൊട്ടിച്ചപ്പോൾ ലീഡർ വിജയിച്ചതും യാക്കോബിന് മുന്നിൽ തെളിയുന്ന ഓർമ്മകളാണ്. നേരത്തെ ഉണ്ടായിരുന്ന വാഹനങ്ങളുടെ ഓർമ്മയിൽ പത്ത് വർഷം മുമ്പ് വാങ്ങിയ അംബാസിഡർ കാർ ഇപ്പോഴും യാത്രയ്ക്കായി ഉപയോഗിക്കുന്നു.
ക്ലീനറായി തുടങ്ങി ലീഡറിന്റെ സാരഥിയായി തിളങ്ങി
നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച യാക്കോബ് ലോറിയിൽ ക്ലീനറായാണ് മുംബയ്ക്ക് വണ്ടികയറിയത്. അതിനിടയിൽ 1958ൽ ലൈസൻസ് നേടി നാട്ടിലെത്തി. 1965 ആയപ്പോഴേക്കും മാളയിലെ മികച്ച ഡ്രൈവറായി. ലീഡർക്കൊപ്പം കൂടിയതോടെ കറകളഞ്ഞ കോൺഗ്രസുകാരനായി. പിന്നീട് നേതാക്കളുടെ ഉറ്റ ചങ്ങാതിയായി ലീഡറുടെ സ്വന്തം ആളായി മാറി.
ലീഡറോട് പറഞ്ഞ് പലർക്കും നിരവധി സഹായങ്ങൾ ചെയ്തുകൊടുക്കാനായിട്ടുണ്ട്. പല നേതാക്കൾക്കൊപ്പം സഞ്ചരിച്ചതിനാൽ വിമോചന സമരത്തിലും പങ്കാളിയായി. മകൻ ഫിലിപ്പ് രണ്ട് വർഷം പ്രിയങ്ക ഗാന്ധിക്കൊപ്പം ഡ്രൈവറായി പ്രവർത്തിച്ചിട്ടുണ്ട്.
യാക്കോബ്