ചേലക്കര: ഇടത് വലത് മുന്നണികൾ ചേലക്കര മണ്ഡലത്തെ വികസന കാര്യത്തിൽ അമ്പത് വർഷം പിന്നോട്ടടിച്ചതായി എൻ.ഡി.എ സ്ഥാനാർത്ഥി ഷാജമോൻ വട്ടേക്കാട്. ചേലക്കര പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1965ൽ രൂപീകൃതമായ മണ്ഡലത്തിൽ 20 വർഷം യു.ഡി.എഫും 25 വർഷം എൽ.ഡി.എഫും ഭരിച്ചിട്ടും ജലക്ഷാമം പോലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി ജലാശയങ്ങളുണ്ടെങ്കിലും സംരക്ഷണമില്ലാത്തതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഭാരതപ്പുഴ പോലും മരുഭൂമിയായി മാറിയെന്നും ഷാജുമോൻ കുറ്റപ്പെടുത്തി.

മണ്ഡലത്തിലെ 540 പട്ടികജാതി കോളനികളിലെ ഭൂരിഭാഗവും അടിസ്ഥാന സൗകര്യം ഇല്ലാത്ത അവസ്ഥയിൽ തുടരുകയാണ്. ഇതിന്റെ കാരണം ജനം തിരിച്ചറിയും. തനിക്ക് അവസരം ലഭിച്ചാൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലധാര പദ്ധതി വഴി ഓരോ വീട്ടിലും വെള്ളമെത്തിക്കും. കാർഷിക മണ്ഡലമായ ചേലക്കരയിലെ കർഷകർക്ക് ജലസേചനം ഉറപ്പുവരുത്താനായി ഭാരതപ്പുഴ ജലസേചന പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ഷാജുമോൻ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പി.ആർ. രാജ്കുമാർ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിജോയ് തോമസ് തൃശൂർ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരൻ മാഞ്ചാടി എന്നിവരും മുഖാമുഖം പരിപാടിയിൽ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.

വാഗ്ദാനം, വികസന കാഴ്ചപ്പാട്

അത്യാധുനിക സ്റ്റേഡിയങ്ങൾ നിർമ്മിക്കും

പട്ടികജാതി കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കും

ആദർശ ഗ്രാമം പദ്ധതി വഴി അടിസ്ഥാന സൗകര്യ വികസനം

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് നടപ്പിലാക്കും

കുത്താമ്പുള്ളി കൈത്തറി വില്ലേജ്, തിരുവില്വാമല പിൽഗ്രിം ടൂറിസം എന്നിവയ്ക്ക് പ്രാമുഖ്യം

കെ.എസ്.ആർ.ടി.സി ഡിപ്പൊ അനുവദിക്കും, വള്ളത്തോൾ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്