തൃശൂർ: കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ജല അതോറിറ്റി ഓഫീസിന് മുമ്പിൽ നടത്തിയ ധർണയിൽ നിന്ന് ഭരണപക്ഷം പിൻമാറിയതിനെച്ചൊല്ലി കോർപറേഷനിൽ വാക്‌പോര്. ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് ഇന്നലെ ധർണ നടത്തുന്നതിനായിരുന്നു തീരുമാനം. ഭരണപക്ഷം വിട്ടുനിന്ന ധർണാസമരം പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ധർണ ഉദ്ഘാടനം ചെയ്തു.
ജല അതോറിറ്റിയുടെയും കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തീകരിക്കാമെന്ന് അതോറിറ്റി നൽകിയ ഉറപ്പിലാണ് ധർണയിൽ പങ്കെടുക്കാതിരുന്നതെന്ന് എം.കെ. വർഗീസ് മേയർ വ്യക്തമാക്കി. അമൃതം പദ്ധതിയിൽ 136 കോടി രൂപയുടെ പൈപ്പുകൾ വാങ്ങിക്കൂട്ടിയതും 55 ഡിവിഷനുകളിലെയും കുടിവെള്ളക്ഷാമം സംബന്ധിച്ചും വിദഗ്ദ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
പ്രതിഷേധ സമരത്തിൽ പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോൺ ഡാനിയേൽ, ലാലി ജയിംസ്, എൻ.എ. ഗോപകുമാർ, കൗൺസിലർമാരായ ജയപ്രകാശ് പൂവ്വത്തിങ്കൽ, കെ. രാമനാഥൻ, മേഴ്‌സി അജി എന്നിവർ സംസാരിച്ചു. ശ്യാമള മുരളീധരൻ, മുകേഷ് കൂളപറമ്പിൽ, സനോജ് പോൾ, എബി വർഗീസ്, വിനീഷ് തയ്യിൽ, എ.കെ. സുരേഷ്, ലീ, സിന്ധു ആന്റോ ചാക്കോള, റെജി ജോയ്, സുനിത വിനു, മേഫിഡെൽസൻ, അഡ്വ.വില്ലി, രന്യബൈജു, ആൻസി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
കൗൺസിൽ ഹാളിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുവെന്ന പ്രഹസനം നടത്തി ഭരണപക്ഷം സമരത്തിൽ നിന്ന് ഒളിച്ചോടി. കുടിവെള്ള ക്ഷാമം സംബന്ധിച്ച് വിദഗ്ദ്ധ സമിതി അന്വേഷിക്കണം.
- രാജൻ ജെ. പല്ലൻ, പ്രതിപക്ഷ നേതാവ്
യുദ്ധകാലാടിസ്ഥാനത്തിൽ പൈപ്പുലൈനുകളിലെ അറ്റകുറ്റപ്പണികൾ പരിഹരിക്കാമെന്ന് ഏറ്റിട്ടുണ്ട്. പ്രവൃത്തികൾക്ക് അഞ്ച് ദിവസം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാലാണ് ധർണയിൽ നിന്ന് മാറി നിന്നത്.
- എം.കെ. വർഗീസ്, മേയർ