തൃശൂർ: കോർപറേഷന്റെ 55 ഡിവിഷനിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി മേയർ എം.കെ. വർഗീസിന്റെ നിർദ്ദേശ പ്രകാരം കോർപറേഷൻ തലത്തിൽ വാട്ടർ ഹൈപ്പർ കമ്മിറ്റി രൂപീകരിച്ചു. ഇന്ന് മുതൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് സംയുക്ത പരിശോധന നടത്തുന്നതിനും മുൻഗണനാക്രമം അനുസരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.

മാർച്ച്എട്ടിന് കോർപറേഷന്റെയും സംസ്ഥാന ജല അതോറിറ്റിയുടെയും സംയുക്ത യോഗം ചേർന്നിരുന്നു. തുടർന്ന് അടിയന്തരമായി പൈപ്പുലൈനുകളിലെ അറ്റകുറ്റപ്പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ചു വരികയുമാണ്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ പി.കെ. ഷാജൻ, ചെയർമാനായ വാട്ടർ ഹൈപ്പർ കമ്മിറ്റിയിൽ കൗൺസിലർമാരായ സി.പി. പോളി, പൂർണിമ സുരേഷ്, സജിത ഷിബു, സുനിൽ രാജ്, ജയപ്രകാശ് പൂവത്തിങ്കൽ, എം.എൽ. റോസി, ഐ. സതീഷ് കുമാർ, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനിയർ മനു ബി, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ സജിത്ത് കെ.ബി., കോർപറേഷൻ വാട്ടർ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർ ദിവ്യ തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളാണ്.