കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി ജാക്‌സന്റെ പ്രചാരണ യാത്ര വ്യാഴാഴ്ച കോട്ടപ്പുറം കോട്ടയിൽ നിന്ന് ആരംഭിച്ചു. അഞ്ചങ്ങാടി കോളനി, ഫിഷർമൻ കോളനി, ലക്ഷംവീട് കോളനി എന്നിവിടങ്ങളിൽ സന്ദർശിച്ച് നാട്ടുകാരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. മേഖലയിലെ ഓരുവെള്ള പ്രശ്‌നവും, കൃഷി നാശവും നേരിട്ട് മനസിലാക്കിയ ജാക്സൺ ജനകീയ പ്രശനങ്ങൾക്കുള്ള പരിഹാരവും പുനരുദ്ധാരണവും ഉറപ്പുനൽകി. 2018ലെ മഹാ പ്രളയത്തിൽ തകർന്ന അഞ്ചങ്ങാടി കോളനിയിലെ വീടുകൾക്ക് ഇടത് സർക്കാരിന്റെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ സ്ഥാനാർത്ഥിയോട് പരാതി പറഞ്ഞു. കേവല രാഷ്ട്രീയം ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പ് പോരാട്ടമല്ല താൻ മുന്നോട്ടുവയ്ക്കുന്നതെന്നും വികസനം ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് ലക്ഷ്യമെന്നും എം.പി ജാക്സൺ വ്യക്തമാക്കി. ചേരമാൻ ജുമാ മസ്ജിദിലെത്തിയ സ്ഥാനാർത്ഥിയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് ഇമാം സൈഫുദ്ധീൻ അൽ ഖാസിമി നൽകിയത്. എം.പി ജാക്സൺ ചേരമാൻ ജുമാ മസ്ജിദിനെ സംബന്ധിച്ച് ഒരു കുടുംബാംഗത്തെപ്പൊലെയാണെന്നും വിജയാശംസകൾ നേരുന്നെന്നും ഇമാം പറഞ്ഞു.