വാടാനപ്പള്ളി: തളിക്കുളം സ്‌നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി കടലിൽ അകപ്പെട്ട് മരണത്തോട് മല്ലടിച്ച രണ്ടു പേരെ രക്ഷപ്പെടുത്തി. കോയമ്പത്തൂർ സ്വദേശികളായ എൻജിനിയറിംഗ് വിദ്യാർത്ഥികളെയാണ് ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്. കാറിൽ എത്തിയ നാലംഗ സംഘം വ്യാഴാഴ്ച്ച വൈകീട്ട് 3.30 ഓടെയാണ് സ്‌നേഹതീരം ബീച്ചിൽ എത്തി കടലിൽ കുളിക്കാനിറങ്ങിയത്.

കൊയമ്പത്തൂർ പാരിസ് സ്ട്രീറ്റിൽ രാജാറാമിന്റെ മകൻ അഖിലേഷ് (20), സുന്ദരപുരം റോഡിൽ ഷൺമുഖ സുന്ദറിന്റെ മകൻ നിഖേഷ് (20) എന്നിവരാണ് ചുഴിയിൽ പെട്ടത്. ഇതോടെ സുഹൃത്തുക്കളായ ഡൊമനിക്ക് റിച്ചാർഡ്, ഡേവീഡ് എന്നിവർ അപകടം മനസിലാക്കി കരയിലേക്ക് കയറി. തിരയിൽ പെട്ട അഖിലേഷിനെയും നിഖേഷിനെയും 100 മീറ്ററോളം അകലേക്ക് കടൽ എടുത്തുകൊണ്ടുപോയി. ഇരുവരും കടലിൽ അകപെട്ടത് കണ്ട സ്‌നേഹതീരം ബീച്ചിലെ ലൈഫ് ഗാർഡുകളും പീച്ചി സ്വദേശികളുമായ ബിബീഷും ഹരീഷും കടലിലേക്ക് ചാടി ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയതോടെ ഇവർ അപകടനില തരണം ചെയ്തു.


......................

കൊവിഡ് കാലത്തും സ്‌നേഹതീരം ബീച്ചിൽ എത്തുന്നത് നിരവധിപേർ

കൊവിഡ് ഭീഷണി വകവെക്കാതെ നിരവധി പേരാണ് ദിനംപ്രതി സ്‌നേഹതീരം ബീച്ചിൽ എത്തി കടലിൽ കുളിക്കാൻ ഇറങ്ങുന്നത്. വളരെ പാടുപെട്ടാണ് ലൈഫ് ഗാർഡുകൾ ഇവരെ നിയന്ത്രിക്കുന്നതും. കടലിൽ ഇറങ്ങുന്നവരെ ജീവൻ കാക്കാൻ നാല് ലൈഫ് ഗാർഡുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവൻ പണയം വെച്ചാണ് ഇവർ കടലിൽ അകപ്പെടുന്നവരെ രക്ഷിക്കുന്നത്.


..................................

കടലിൽ അകപ്പെട്ട നിരവധി പേരെയാണ് ലൈഫ് ഗാർഡുകൾ ഇതിനകം രക്ഷപ്പെടുത്തിയത്

- എ.ടി. നേന (സ്‌നേഹതീരം പാർക്കിലെ മാനേജർ)