
തൃശൂർ: മലയാളത്തിന്റെ താരപ്രൗഢി സുരേഷ് ഗോപി സാംസ്കാരിക മണ്ണിൽ വന്നിറങ്ങി. മുദ്രാവാക്യം മുഴക്കിയും ഹാരം സമർപ്പിച്ചും ആവേശത്തോടെ പൂരനഗരിയിലെത്തിയ പ്രവർത്തകർ സുരേഷ് ഗോപിയെ വരവേറ്റു. ഇന്നലെ മണ്ഡലത്തിൽ പര്യടനം ആരംഭിച്ച എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വയോധികരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന നീണ്ട നിരയാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ റോഡരികിൽ തടിച്ചുകൂടിയത്.
വൈകിട്ട് ആറോടെ ശക്തൻ ബസ് സ്റ്റാൻഡിന് സമീപമുള്ള ശക്തൻ തമ്പുരാൻ പ്രതിമയിൽ താമരമാല അണിയിച്ചാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പ്രതിമയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ഗോവണിയിലേറിയാണ് ഹാരമണിയിച്ചത്. അഭിവാദ്യം ചെയ്തും വോട്ടർമാരെ കൈവീശിക്കാട്ടിയും സ്ഥാനാർത്ഥി വോട്ടർമാരുടെ മനസിൽ സ്ഥാനം പിടിച്ചു. ബൈക്കുകളിലും കാൽനടയുമായി പ്രവർത്തകർ ജാഥയിൽ ഒത്തുചേർന്നു. പിന്നീട് തുറന്ന ജീപ്പിൽ പ്രവർത്തകരോടൊപ്പം തേക്കിൻകാട് മൈതാനിയിലൂടെ തെക്കെ ഗോപുരനടയിലെത്തി ആദ്യദിന പര്യടനം അവസാനിപ്പിച്ചു.
വാദ്യമേളങ്ങളും കാവടിയും പര്യടനത്തിന് മാറ്റ് കൂട്ടി. ഉത്തരേന്ത്യൻ സംസ്കാര തനിമയിലുള്ള വേഷധാരികൾ കുതിര വണ്ടിയുടെ അകമ്പടിയോടെ ജാഥയിലെ വ്യത്യസ്ത മുഖങ്ങളായി. എൻ.ഡി.എ ഘടക കക്ഷികളായ ബി.ഡി.ജെ.എസ്, ലോക് ജൻശക്തി പാർട്ടി പ്രവർത്തകരും പങ്കാളികളായി.
ക്ഷേമ പെൻഷൻ ബി.ജെ.പി ഭരിക്കുന്ന
ഇടങ്ങളിൽ നടപ്പിലാക്കുമോ ? : എസ്.ആർ.പി
കാഞ്ഞാണി: കേരളത്തിൽ എൽ.ഡി.എഫ് നടപ്പിലാക്കിയ ക്ഷേമ പെൻഷൻ ബി.ജെ.പി ഭരിക്കുന്ന ഇടങ്ങളിൽ നടപ്പിലാക്കാൻ കഴിയുമോയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. മണലൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മുരളി പെരുനെല്ലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞാണിയിൽ ലോക്കൽ റാലികളും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങളെ നേരിട്ട എൽ.ഡി.എഫ് സർക്കാർ അതിനെയെല്ലാം സമർത്ഥമായി കൈകാര്യം ചെയ്താണ് മുന്നോട്ട് പൊയത്. ഇത് ജനം തിരിച്ചറിയുന്നുണ്ട്. ഇന്റർനെറ്റിനെ ഉപയോഗപ്പെടുത്തി 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ് എൽ.ഡി.എഫ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും എസ്.ആർ.പി പറഞ്ഞു. എം.ആർ മോഹനൻ അദ്ധ്യക്ഷനായി. പി.കെ അരവിന്ദൻ, സി.എൻ ജയദേവൻ, പി.കെ ഷാജൻ, കെ.എഫ് ഡേവിസ്, സി.കെ വിജയൻ, ടി.വി ഹരിദാസൻ, വി.എൻ സുർജിത്ത്, മനോജ് വി.ആർ, പി.കെ കൃഷ്ണൻ, വി.വി പ്രഭാത് എന്നിവർ സംസാരിച്ചു.
ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിൽപ്രതിപക്ഷ
നേതാവ് സ്ഥാനത്തേക്ക് മത്സരിക്കുന്നു: പി.സി ചാക്കോ
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് മത്സരം നടക്കുമെന്നല്ലാതെ അതിനപ്പുറം കേരളത്തിൽ ഒന്നും സംഭവിക്കില്ലെന്ന് പി.സി ചാക്കോ. തൃശൂർ പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പ് മുഖാമുഖമായ ജനശബ്ദം 2021ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ എതിർക്കുന്ന വ്യഗ്രതയിൽ ബി.ജെ.പിയെ സഹായിക്കുകയെന്ന കാര്യത്തിൽ കേരളത്തിലെ കോൺഗ്രസും രാഹുൽഗാന്ധിയും കാണിക്കുന്ന കുറ്റകരമായ അനാസ്ഥ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകന് പൊറുക്കാനാവില്ല. പെൺകുട്ടികളെ സ്വയം പ്രതിരോധ പാഠങ്ങൾ പഠിപ്പിക്കുന്നത് വളരെ നല്ല കാര്യമാണ്. പക്ഷെ ബി.ജെ.പിയെ ആര് നേരിടുമെന്ന് കൂടി രാഹുൽഗാന്ധി പറയേണ്ടതുണ്ട്. കോൺഗ്രസ് അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. വോട്ടർ പട്ടിക പ്രശ്നത്തിൽ ഏതെങ്കിലും സർക്കാറിനോ മുഖ്യമന്ത്രിക്കോ പങ്കുണ്ടാവുമോ എന്നും അദ്ദേഹം ചോദിച്ചു.
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. ബി.ജെ.പിക്ക് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അസമിൽ ഉൾപ്പെടെ തിരിച്ചടിയുണ്ടാവും. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരു രാഷ്ട്രീയ നിലപാടും രാഷ്ട്രീയ സഖ്യവും രൂപീകരിക്കാൻ ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് പരാജയപ്പെട്ടു. അതുകൊണ്ടാണ് കോൺഗ്രസ് വിട്ടത്. അല്ലാതെ സ്ഥാനാർത്ഥി നിർണയമടക്കമുള്ള കാര്യങ്ങളല്ല എൻ.സി.പിയിലേക്ക് പോകുന്നതിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.സി.പി ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണനും അടുത്തിടെ എൻ.സി.പിയിലെത്തിയ കെ.പി.സി.സി മുൻ സെക്രട്ടറി സി.ഐ സെബാസ്റ്റ്യനും പങ്കെടുത്തു.