
തൃശൂർ: ഗുരുവായൂരിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ അനിശ്ചിതത്വത്തിലായ എൻ.ഡി.എ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണക്കാൻ തീരുമാനിച്ചതോടെ നേതാക്കൾക്ക് ആശ്വാസം. പാർട്ടി വോട്ടുകൾ ഇതിലൂടെ സമാഹരിക്കാമെന്നും സ്ഥാനാർത്ഥിയില്ലെന്ന പേര് ദോഷം ഒഴിവാക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു.
കാൽ ലക്ഷത്തിലധികം വോട്ടുള്ള ക്ഷേത്ര നഗരി കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് കൂടിയായ അഡ്വ. നിവേദിതയുടെ പത്രിക തള്ളിയത് ഏറെ നാണക്കേടാണ് ഉണ്ടാക്കിയത്. ഇതേത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. മറ്റൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാനുള്ള തീരുമാനം വൈകിയത് അണികളിൽ രോഷമുണ്ടാക്കി. നേരത്തെ സ്ഥാനാർത്ഥിയായിരുന്ന നിവേദിതയ്ക്ക് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണച്ച് ശക്തമായി മത്സരക്കളത്തിലുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചിരുന്നു. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരെ പിന്തുണയ്ക്കാനായിരുന്നു ധാരണ.
അതേസമയം ദിലീപ് നായരെ പിന്തുണയ്ക്കുന്നതിൽ എൻ.ഡി.എയുടെ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഡി.എസ്.ജെ.പി, എൻ.എസ്.എസുമായി സ്വരച്ചേർച്ചയില്ലാത്ത സംഘടനയാണെന്നും എൻ.എസ്.എസിന്റെ എതിർപ്പ് ഏറ്റുവാങ്ങേണ്ടിവരുമെന്നും മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ അഭിപ്രായമുയർന്നു. എന്തുതന്നെയായാലും എൻ.ഡി.എയ്ക്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഇല്ലാതിരിക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ലെന്ന് പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് ഡി. എസ്. ജെ. പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. അതേസമയം എൻ.ഡി.എ സ്ഥാനാർത്ഥിയെന്ന് പറയാമെങ്കിലും കഴിഞ്ഞ തവണത്തെ വോട്ട് ലഭിച്ചില്ലെങ്കിൽ വീണ്ടും ആരോപണം നേരിടേണ്ടി വരും. താമരചിഹ്നത്തിന് പകരം ടി. വിയാണ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.
കിറ്റിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് : ഉമ്മൻ ചാണ്ടി
തൃശൂർ : കിറ്റിന്റെയും ക്ഷേമ പെൻഷനുകളുടെയും പേരിൽ എൽ.ഡി.എഫ് മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിശേഷ അവസരങ്ങളിൽ യു.ഡി.എഫ് സർക്കാർ നൽകിയിരുന്നത് ഒരു കാരണവും കൂടാതെ നിറുത്തിയവരാണ് എൽ.ഡി.എഫ് സർക്കാർ. അത് തുടരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യാതൊരു പരിഗണനയുമില്ലാതെയാണ് എൽ.ഡി.എഫ് തള്ളിയത്. ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ അരി ഒരു ചർച്ച പോലുമില്ലാതെ നിറുത്തി. എ.പി.എല്ലുകാർക്ക് 8.90 രൂപയ്ക്ക് നൽകിയിരുന്ന അരിയുടെ വില രണ്ട് രൂപ വർദ്ധിപ്പിച്ചു. റേഷൻ വിതരണത്തിന്റെ മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിച്ചത്. എന്നാൽ എൽ.ഡി.എഫ് വന്നശേഷം പാവപ്പെട്ട ജനങ്ങളിൽ നിന്നും പണം ഈടാക്കി.
യു.ഡി.എഫ് സർക്കാർ ഏർപ്പെടുത്തിയ കിറ്റ് നിരാകരിച്ചവർ ഇന്ന് വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റാനാകാതെ വന്നപ്പോൾ എന്തെങ്കിലും പറയാൻ വേണ്ടി കിറ്റിനെക്കുറിച്ച് പറയുന്നു. 54 ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നുവെന്ന പ്രചരണത്തെയും ഉമ്മൻചാണ്ടി എതിർത്തു. 2011ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 12.9 ലക്ഷം പേർക്കായിരുന്നു പെൻഷൻ ലഭിച്ചിരുന്നത്. അഞ്ച് കൊല്ലം കൊണ്ട് അത് 34 ലക്ഷമാക്കി. അതിന് ശേഷം വന്ന അപേക്ഷകൾ കെട്ടിക്കിടക്കുന്നു. യു.ഡി.എഫ് ഭരിക്കുമ്പോൾ സാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് ഏതെങ്കിലും ഒരു ക്ഷേമപെൻഷൻ മാത്രമേ വാങ്ങാനാകുമായിരുന്നുള്ളൂ. എന്നാൽ അർഹതയുള്ള എല്ലാ ക്ഷേമ പെൻഷനുകളും അനുവദിക്കണമെന്ന അപേക്ഷ സർക്കാരിന് മുന്നിലെത്തുകയും അപേക്ഷ അർഹമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുകയും ചെയ്തു. ഒരാൾക്ക് ഒന്നിൽ കൂടുതൽ സാമൂഹികക്ഷേമ പെൻഷൻ ലഭിക്കുന്ന സാഹചര്യമുണ്ടായി. എൽ.ഡി.എഫ് അത് നിറുത്തലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ബി.ജെ.പിയും ഇത് തന്നെയാണ് ചെയ്യുന്നത്. എന്ത് വില കൊടുത്തും ഐക്യജനാധിപത്യ മുന്നണി വിജയിക്കണം. അഞ്ചു വർഷം കൂടി ഇടതു മുന്നണി ഭരിച്ചാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് എല്ലാവർക്കും അറിയാം. വിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ട് വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കത്തിന് വലിയ വില കൊടുക്കേണ്ടിവരും. ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് മാറ്റമായിട്ടില്ല. കെ. കരുണാകരന്റെ മകൾക്ക് മുഖവുരയുടെ ആവശ്യമില്ല. കോൺഗ്രസിനും മഹിളാ കോൺഗ്രസിനും പ്രിയങ്കരിയായ പദ്മജ നിയമസഭയിൽ തൃശൂരിനെ പ്രതിനിധീകരിക്കും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഒളരിയിൽ പ്രചരണ യോഗത്തിൽ പറഞ്ഞത്