
തൃപ്രയാർ: സ്ഥാനാർത്ഥി ആരായാലും ഗോപിക നന്ദന റെഡിയാണ്. പ്രവർത്തകർക്ക് ആവേശവുമായി ചുമരെഴുതിയും ചിത്രം വരച്ചും ഇക്കുറിയും ഗോപിക രംഗത്തുണ്ട്. തളിക്കുളം ത്രിവേണി പടിഞ്ഞാറ് അല്ലപ്പറമ്പിൽ ഗിരീഷ് രാജി ദമ്പതികളുടെ മകളായ ഗോപിക കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ചുമരെഴുത്തുമായി പ്രചാരണത്തിൽ സജീവമാണ്.
എൽ.ഡി.എഫ് നാട്ടിക മണ്ഡലം സ്ഥാനാർത്ഥി സി.സി മുകുന്ദന്റെ പ്രചരണാർത്ഥമാണ് ഗോപിക ഇത്തവണ ചുമരെഴുത്ത് ആരംഭിച്ചത്. പിണറായി സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണ കാലയളവിൽ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളാണ് ചുമരിൽ ചിത്രങ്ങളായി നിറഞ്ഞത്. കൊവിഡ് കാലത്ത് ലോകത്തിന് മാതൃകയായ ആരോഗ്യമേഖലയുമായി ജനങ്ങളെ ചേർത്ത് നിറുത്തിയതും, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും, വീടില്ലാത്തവർക്കും വീട് നൽകിയതിന്റെ ദൃശ്യങ്ങളും ചുമരിൽ ഇടം നേടി. സർക്കാരിന്റെ ജനോപകാര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് ഗോപികയുടെ ചിത്രങ്ങളെല്ലാം.
എസ്.എസ്.എൽ.സിയിൽ ഫുൾ എ പ്ലസ്, പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് എന്നിവ കരസ്ഥമാക്കിയ ഗോപിക ഇപ്പോൾ കേരള വർമ്മ കോളേജിൽ ബി.എ പൊളിറ്റിക്‌സ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഡാൻസ്, ഫേബ്രിക് പെയിന്റ്, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഭരതനാട്യം, നാടകം, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന തലത്തിലടക്കം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സി.പി.എം നാട്ടിക ഏരിയ ബാൻഡ് സെറ്റിന്റെ ക്യാപ്റ്റനുമാണ് ഗോപിക.
പ്രചാരണ റാലിക്കിടെ സി.പി.എം ലോക്കൽ
കമ്മിറ്റി അംഗങ്ങൾ തമ്മിൽ അടി
ഗുരുവായൂർ: തിരഞ്ഞെടുപ്പ് പ്രചരണ റാലി തുടങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങൾ തമ്മിലുള്ള അടിയിൽ കലാശിച്ചു. പ്രചരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് തമ്പുരാൻപടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച റാലിക്കിടെയാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങൾ തമ്മിൽ അടിയുണ്ടായത്.
പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പങ്കെടുക്കുന്ന പൊതുയോഗത്തിന് മുന്നോടിയായി നടന്ന റാലി വൈകീട്ട് അഞ്ചരയ്ക്ക് ആരംഭിക്കുന്നതിനാണ് ലോക്കൽ സെക്രട്ടറിയും മുൻ സെക്രട്ടറിയും നിർദ്ദേശിച്ചിരുന്നത്. എന്നാൽ അഞ്ചര കഴിഞ്ഞിട്ടും റാലി ആരംഭിക്കാതിരുന്നതിനാൽ അടുത്തിടെ സി.എം.പിയിൽ നിന്നും സി.പി.എമ്മിലെത്തിയ ലോക്കൽ കമ്മിറ്റി അംഗം റാലി ആംരംഭിക്കാൻ നിർദേശിച്ചു. ഇതേത്തുടർന്നാണ് തർക്കം ആരംഭിച്ചത്. ഇതിനിടെ റാലി മുന്നോട്ട് നീങ്ങി. റാലി നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇവർ തമ്മിൽ തർക്കം തുടർന്നു. ഇതിനിടെ പ്രകോപിതനായ ലോക്കൽ കമ്മിറ്റി അംഗം സി.എം.പിയിൽ നിന്നും സി.പി.എമ്മിലെത്തിയ അംഗത്തെ അടിച്ചു.
ഉടൻ റാലിയിൽ ഉണ്ടായിരുന്ന മറ്റംഗങ്ങൾ ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റി. നേതാക്കൾ തമ്മിൽത്തല്ലിയത് അണികൾക്കിടയിലും പ്രതിഷേധത്തിന് കാരണമായി. ജില്ലാ കമ്മിറ്റി അംഗമായ ഗുരുവായൂരിൽ നിന്നുള്ള യുവനേതാവിന്റെ അടുത്തയാളാണ് അടിയേറ്റ ലോക്കൽ കമ്മിറ്റി അംഗം. മർദ്ദനത്തിനെതിരെ നടപടി വേണമെന്ന് അണികൾക്കിടയിൽ ആവശ്യമുയർന്നു.