umman-chandy
കൊടുങ്ങല്ലൂർ നിയോജകമണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി എം.പി.ജാക്‌സന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം മാളയിൽ ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു

മാള: തൊഴിലുറപ്പ് പദ്ധതിക്കൊപ്പം എല്ലാ കുടുംബങ്ങൾക്കും 6000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം മാളയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ചുരുങ്ങിയത് 6000 രൂപ വരുമാനമില്ലാത്ത ഒരു കുടുംബം പോലും സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ സഖാക്കളെ കേസിൽ നിന്ന് രക്ഷിക്കുന്നതിനായി പോലും കടം വാങ്ങിയ പണം ഉപയോഗിച്ചിട്ടുണ്ട്. നുണകൾ പ്രചരിപ്പിക്കുന്നതിനായാണ് സർക്കാർ കോടികൾ ചെലവാക്കിയത്. സൗജന്യ ഭക്ഷ്യ കിറ്റ് നൽകിയതിന് പോലും പരസ്യം നൽകി ധൂർത്ത് കാണിച്ച സർക്കാരാണ് എൽ.ഡി.എഫ്. സംസ്ഥാനം രൂപീകൃതമായി 2016 വരെ ഉണ്ടായിരുന്ന കടബാധ്യതയേക്കാൾ കൂടുതലാണ് അഞ്ച് വർഷം കൊണ്ട് പിണറായി സർക്കാർ ഉണ്ടാക്കിയത്. യു.ഡി.എഫ് സർക്കാർ പാവപ്പെട്ടവർക്ക് സൗജന്യമായി അരി നൽകിയിരുന്നത് ഇല്ലാതാക്കിയ എൽ.ഡി.എഫ് ആണ് അവസാനകാലത്ത് സൗജന്യ കിറ്റിന്റെ മേനി പറയുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ടി.യു. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, സ്ഥാനാർത്ഥി എം.പി. ജാക്സൺ, ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസൻ, എൻ.കെ. സുധീർ, ഒ. അബ്ദുറഹ്മാൻ കുട്ടി, പി.എ. മാധവൻ, പി.ഡി. ജോസ്, പ്രൊഫ.സി.ജി. ചെന്താമരാക്ഷൻ, വി.എ.അബ്ദുൾ കരീം, എ.എ. അഷറഫ്, എ.ആർ. രാധാകൃഷ്ണൻ,ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.