കൊടുങ്ങല്ലൂർ: സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. കൊടുങ്ങല്ലൂർ ടൗൺ ഹാളിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങൾ കൊവിഡിന് മുമ്പിൽ പകച്ച് നിൽക്കുമ്പോഴും നാടിനെയും ജനങ്ങളെയും സംരക്ഷിച്ച സർക്കാരാണ് എൽ.ഡി.എഫ് സർക്കാർ. പച്ചക്കറി, പാൽ ഉത്പാദനങ്ങളിൽ കേരളം വലിയ നേട്ടം കൈവരിച്ചു. എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ 40 ലക്ഷം പേർക്ക് തൊഴിൽ നൽകും. കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ കടന്നു വരുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങളൊരുക്കി വികസന രംഗത്ത് പുതിയ കുതിച്ചു ചാട്ടത്തിന് കേരളം ഒരുങ്ങിയതായും എസ്.ആർ.പി പറഞ്ഞു.
എം. രാജേഷ് അദ്ധ്യക്ഷനായി. എം.എം വർഗീസ്, കെ.പി രാജേന്ദ്രൻ, പി.കെ ഡേവിസ്, ടി.കെ സന്തോഷ്, കെ.ജി ശിവാനന്ദൻ, കെ.സി വർഗീസ്, ടി.കെ ഉണ്ണിക്കൃഷ്ണൻ, അജിത ടീച്ചർ, കെ.ആർ ജൈത്രൻ, എം.യു ഷിനിജ, സ്ഥാനാർത്ഥി വി.ആർ സുനിൽകമാർ എന്നിവർ സംസാരിച്ചു.