ചേലക്കര: ത്രികോണപോരാട്ടത്തിന്റെ പ്രചാരണച്ചൂടിലാണ് ചേലക്കര. പിടിച്ചെടുക്കാൻ യു.ഡി.എഫും എൻ.ഡി.എയും ശ്രമിക്കുമ്പോൾ ഭൂരിപക്ഷം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് എൽ.ഡി.എഫ്.

പഴുതടച്ച പ്രചാരണവും പ്രവർത്തനവും കൊണ്ട് മണ്ഡലം പിടിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സി.സി. ശ്രീകുമാറും എൻ.ഡി.എ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാടും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണനും രംഗത്തുള്ളത്.

13ൽ ഏഴുവട്ടം ഇടതിനൊപ്പം,​ ആറുവട്ടം വലത്തോട്ട്​

പട്ടികജാതി സംവരണ മണ്ഡലമായി 1965ലാണ് ചേലക്കര രൂപീകരിക്കപ്പെട്ടത്. ഇതുവരെ നടന്ന 13 തിരഞ്ഞെടുപ്പുകളിൽ 7 തവണ എൽ.ഡി.എഫും 6 വട്ടം യു.ഡി.എഫും വിജയക്കൊടി പാറിച്ചു. 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനായിരുന്നു ജേതാവ്. സി.പിഎമ്മിലെ സി.കെ. ചക്രപാണിക്കെതിരെ 106 വോട്ടിന്റെ ഭൂരിപക്ഷം.

പിന്നീട് 67ൽ നടന്ന തിരഞ്ഞെടുപ്പിൽ ബാലകൃഷ്ണന് അടിപതറി. സി.പി.എമ്മുകാരനായ പി. കുഞ്ഞന്റെ വിജയം 2052 വോട്ടിന്. 1970ൽ 2306 വോട്ടുകൾക്ക് പി. ശങ്കരനെ (സി.പി.എം)​ പരാജയപ്പെടുത്തി കെ.കെ. ബാലകൃഷ്ണനിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം (1977)​ നടന്ന അഞ്ചാമത് നിയമസഭാ പൊതുതിരഞ്ഞെടുപ്പിലും 1980ലെ തിരഞ്ഞെടുപ്പിലും ബാലകൃഷ്ണനിലൂടെ തന്നെയായിരുന്നു കോൺഗ്രസ് വിജയപതാക ഉയർത്തിയത്. ഇരുവട്ടവും മത്സരിച്ച സി.പി.എമ്മിലെ കെ.എസ്. ശങ്കരനെതിരെ 9935,​ 1125 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം യഥാക്രമം.

വ്യാഴവട്ടക്കാലം കോൺഗ്രസ് കൈവശം വച്ച ചേലക്കര 1982ലെ തിരഞ്ഞെടുപ്പിൽ ഇടത്തോട്ട് ചാഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയായ ടി.കെ.സി. വടുതലയെ 2123 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു സി.പി.എം സ്ഥാനാർത്ഥിയായ സി.കെ. ചക്രപാണിയുടെ വിജയം. എന്നാൽ 87ൽ കെ.വി. പുഷ്പയെ (സി.പി.എം) പരാജയപ്പെടുത്തി എം.എ. കുട്ടപ്പൻ (കോൺഗ്രസ്)​ ചേലക്കര വീണ്ടും വലതിനൊപ്പമാക്കി. 7751 വോട്ടായിരുന്നു കുട്ടപ്പന്റെ ഭൂരിപക്ഷം. 1991ലും കോൺഗ്രസിന്റെ താമി ചേലക്കര നിലനിറുത്തി. സി.പി.എമ്മിലെ കുട്ടപ്പനെ 4361 വോട്ടിനായിരുന്നു തോൽപ്പിച്ചത്.

പിന്നീട് ഇടതിന്റെ തേരോട്ടം

കോൺഗ്രസിന് വേരുറപ്പുണ്ടായിരുന്ന ചേലക്കര സ്വന്തമാക്കാൻ ആ മണ്ണിന്റെ മണമുള്ള സ്ഥാനാർത്ഥി വേണമെന്ന ഇടതുതന്ത്രത്തിന്റെ വിജയമായിരുന്നു പിന്നീട് കണ്ടത്. ചേലക്കരക്കാരനായ യുവാവ് കെ. രാധാകൃഷ്ണനായിരുന്നു ഇതിനായി 1996ൽ നിയോഗിക്കപ്പെട്ടത്. 2323 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ടി.എ. രാധാകൃഷ്ണനെ പരാജയപ്പെടുത്തി സംസ്ഥാനത്തെ ഇടതുതരംഗത്തിനൊപ്പം ചേലക്കരയും നിന്നു.

പിന്നീട് 2001,​ 2006,​ 2011 വർഷങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ചേലക്കരയ്ക്കൊപ്പം വിജയരഥത്തിലേറിയത് ഒരാൾ മാത്രം,​ കെ. രാധാകൃഷ്ണൻ. 96ലെ നായനാർ മന്ത്രിസഭയിൽ മന്ത്രിയും 2006ൽ പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറുമായി പിന്നീട് ഈ ചേലക്കരക്കാരൻ. 2001ൽ കെ.എ. തുളസിയെയും (ഭൂരിപക്ഷം - 1475)​,​ 2006ൽ പി.സി. മണികണ്ഠനെയും (ഭൂരിപക്ഷം - 14629)​,​ 2011ൽ കെ.ബി. ശശികുമാറിനെയും (ഭൂരിപക്ഷം - 24676)​ പരാജയപ്പെടുത്തിയ രാധാകൃഷ്ണൻ തന്റെ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടുവന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ചുമതലകളിലേക്ക് മാറിയ രാധാകൃഷ്ണന് യു.ആർ. പ്രദീപ് കുമാർ പകരക്കാരനായി എത്തിയപ്പോഴും മണ്ഡലം ചുവന്ന് തന്നെയിരുന്നു. വനിതാ കമ്മിഷൻ അംഗം കൂടിയായിരുന്ന പ്രൊഫ. കെ.എ. തുളസിയെ 10200 വോട്ടിനായിരുന്നു പ്രദീപ് കുമാർ 2016ൽ മറികടന്നത്.

വീണ്ടും ഒരു പോരാട്ടം

മണ്ഡലരൂപീകരണത്തിന് ശേഷം മാറിമറിയുന്ന ചേലക്കരയുടെ മനസ് ഇക്കുറിയെങ്ങോട്ട്?​ കാൽ നൂറ്റാണ്ടുകാലം ഇടതിനൊപ്പം നിന്ന ചേലക്കര മണ്ഡലം പതിനഞ്ചാം നിയമസഭയുടെ കാലത്ത് ആർക്കൊപ്പം നിൽക്കും. പഴയ പടക്കുതിര കെ. രാധാകൃഷ്ണനെ എൽ.ഡി.എഫും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.സി. ശ്രീകുമാറിനെ യു.ഡി.എഫും രംഗത്തിറക്കുമ്പോൾ പട്ടിക ജാതി മോർച്ച ദേശീയ നേതാവ് കൂടിയായ ഷാജുമോൻ വട്ടേക്കാടിനെയാണ് എൻ.ഡി.എയുടെ പട നയിക്കുന്നത്.