പുതുക്കാട്: കൊവിഡ് പ്രതിസന്ധികൾ കഴിഞ്ഞ് തന്റെ ഗ്രാമവാസികളെ കാണാൻ ആറാട്ടുപുഴ പൂരത്തിലെ ആചാര്യ സ്ഥാനം വഹിക്കുന്ന ചാത്തക്കുടം ശാസ്താവ് പാഴായി കലാസമിതിക്ക് സമീപമുള്ള കോപ്പാട്ടിൽ തറവാട്ടിലെത്തി. പാഴായി ദേശത്തെ ഇരുകരയിലുമുള്ള ഗ്രാമവാസികൾ വെള്ളിയാഴ്ച രാവിലെ വിളക്ക് വച്ചു സ്വീകരിച്ചു.
ചാത്തക്കുടം ദേവസ്വത്തിന്റെ അധീനതയിലായിരുന്ന പാഴായി ദേശത്തെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാനായാണ് ശാസ്താവ് എത്തുന്നതെന്നാണ് സങ്കൽപ്പം. ദേശക്കാർ വഴിപാടായി സമർപ്പിച്ച നാളികേരം ശിലയിൽ ശാസ്താവിന്റെ പ്രതിനിധി ഉടച്ചു. ദേശത്തെ ആളുകളുടെ പറ സ്വീകരിച്ചതിന് ശേഷം അടുത്ത വർഷം ആറാട്ടുപുഴ പൂര ദിവസം കാണാമെന്ന് പറഞ്ഞാണ് ശാസ്താവ് മടങ്ങിയത്.
കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഇറക്കി പൂജക്ക് ശേഷം ശാസ്താവ് തൊട്ടിപ്പാൾ പൂരത്തിന് പങ്കെടുത്ത ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി, ആറാട്ടുപുഴ പൂരത്തിലേക്ക് പുറപ്പെട്ട് ആചാര്യ സ്ഥാനം ഏറ്റെടുക്കും. വിശ്വാമിത്ര മഹർഷി യാണ് ചാത്തക്കുടം ശാസ്താവ് എന്നാണ് സങ്കൽപ്പം.