inaguration
കേരള സ്റ്റേറ്റ് തഴപ്പായ തൊഴിലാളി യൂണിയൻ കൺവെൻഷൻ എടവിലങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: അധികാരത്തിന്റെ മറവിൽ എന്ത് അതിക്രമവും കാണിക്കാൻ മടിയില്ലാത്ത സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളാ സ്റ്റേറ്റ് തഴപ്പായ തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച കയ്പമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൺഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ ബാലിക സുരക്ഷ ഉത്തർപ്രദേശിനേക്കാൾ മോശമായ സ്ഥിതിയിലാണ്. വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് സാമൂഹിക നീതി ഉറപ്പാക്കാൻ കഴിയാത്ത സർക്കാരാണ് കേരളത്തിൽ വികസനമെത്തിക്കുമെന്ന് പറയുന്നത്. കടലിന്റെ മക്കളുടെ സ്വത്ത് വിൽപന നടത്തുന്നതിന് കരാറൊപ്പിട്ടത് അറിയില്ലെന്ന് പറഞ്ഞ പിണറായി വിവരവകാശ രേഖ പുറത്തു വന്നപ്പോൾ മൗനം പാലിക്കുന്നതിലൂടെ കുറ്റസമ്മതം നടത്തുകയാണെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.


എം.പിമാരായ ബെന്നി ബെഹ്നാൻ, ടി.എൻ പ്രതാപൻ, കയ്പമംഗലം യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുബിൻ, തഴപ്പായ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് സാജു തോമസ്, സെക്രട്ടറി മേരി ജോളി, ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് സി.എസ് രവീന്ദ്രൻ, സി.സി ബാബുരാജ്, ടി.എം നാസർ, പി.എം.എ ജബ്ബാർ, പി.എ മാധവൻ, ഒ. അബ്ദുറഹിമാൻ കുട്ടി, മുജീബ് റഹ്മാൻ, ജോബി, ജയലക്ഷ്മി ടീച്ചർ എന്നിവർ പങ്കെടുത്തു.