പാവറട്ടി: കാർഷിക പ്രാധാന്യമുള്ള മണലൂർ നിയോജക മണ്ഡലത്തിൽ കോൾകര മേഖലകളിലെ നെൽക്കൃഷിയിടങ്ങളിൽ നിന്നും നെല്ല് സംഭരിച്ച് അരിയാക്കി മണലൂർ ബ്രാൻഡിൽ ജൈവ അരി വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് എൽ.ഡി.എഫ് മണലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി മുരളി പെരുനെല്ലി. പാവറട്ടി പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കുടുംബശ്രീ, എന്നിവരുടെ സഹകരണത്തോടെയാകും ബ്രാൻഡ് അരി വിപണിയിലെത്തിക്കുക. ഹൈ ലെവൽ കനാൽ ആഴവും വീതിയും കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടക്കുന്നുണ്ട്. ഈ പദ്ധതി ലക്ഷ്യത്തിലെത്തുന്നതോടെ കാർഷിക മേഖലയിൽ വലിയ ഉണർവുണ്ടാകുമെന്നും മുരളി പെരുനെല്ലി പറഞ്ഞു.
ഏനാമ്മാവ് നെഹ്റു പാർക്ക്, കണ്ടശ്ശാംകടവ് ബോട്ട്ജെട്ടി, മനക്കൊടി, ചേർപ്പ്, നാട്ടിക, കോൾ പാടശേഖരങ്ങളുമായി ബന്ധപ്പെട്ടുള്ള ടൂറിസം വികസനം പൂർത്തിയാക്കും. കായലും പുഴയും ബന്ധപ്പെടുത്തിയുള്ള ടൂറിസത്തിനും പദ്ധതികൾ വരും. ഒരു പഞ്ചായത്തിൽ ഒരു ജനകീയ ഹോട്ടൽ എന്ന നിലയിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ന്യായവില ഹോട്ടലുകൾ ഉറപ്പാക്കുമെന്നും മുരളി പെരുനെല്ലി പറഞ്ഞു.
മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ സ്ഥാപിക്കും. സഹകരണ ബാങ്കുകളുടെ സഹായത്തോടെ പലിശരഹിത വായ്പകൾ കർഷകർക്ക് ലഭ്യമാക്കും. ക്ഷീരമേഖല പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽപാലും പാൽ ഉത്പന്നങ്ങളും ലഭ്യമാക്കും. മണ്ഡലത്തിൽ ആധുനീക രീതിയിലുള്ള അറവ് ശാലകൾ സ്ഥാപിക്കും. കരിങ്കൽ ക്വാറികൾ ഉൾപ്പടെയുള്ള വെള്ളക്കെട്ടുകൾ ഉപയോഗപെടുത്തി മത്സ്യക്കൃഷി വ്യാപിപ്പിക്കും.
കനോലി കനാലിനെയും അനുബന്ധ സൗകര്യങ്ങളെയും ഉപയോഗപ്പെടുത്തി 'യാത്രികം ' ടൂറിസം പദ്ധതിക്ക് രൂപം നൽകും. ജലസ്രോതസുകൾ വീണ്ടെടുത്ത് ഹരിതസുന്ദരം പദ്ധതി നടപ്പിലാക്കുമെന്നും മുരളി പെരുനെല്ലി പറഞ്ഞു. ഏനാമാക്കൽ ഇടിയഞ്ചിറ റെഗുലേറ്ററുകൾ ആധുനീക രീതിയിൽ പുതുക്കിപ്പണിയുമെന്നും എം.എൽ.എ പറഞ്ഞു. പ്രസ് ഫോറം ഓഫീസിലെത്തിയ സ്ഥാനാർത്ഥി മുരളി പെരുനെല്ലിയെ പ്രസിഡന്റ് സുനിൽകുമാറും സെക്രട്ടറി ബിജോയ് പെരുമാട്ടിലും ചേർന്ന് സ്വീകരിച്ചു.
വാഗ്ദാനം, കാഴ്ചപ്പാട്
ഇരുപ്പൂ കൃഷി വ്യാപിപ്പിക്കും
ലിഫ്ട് ഇറിഗേഷന്റെ അനുബന്ധ സാദ്ധ്യത വർദ്ധിപ്പിക്കും
കോലുമാട് ശുദ്ധജല പദ്ധതി നടപ്പിലാക്കും
വാടാനപ്പിള്ളി ബീച്ച് ടൂറിസം പദ്ധതി വികസിപ്പിക്കും
കളിമൺപാത്ര നിർമ്മാണം വ്യവസായിക അടിസ്ഥാനത്തിൽ വ്യാപിപ്പിക്കും