
വടക്കാഞ്ചേരി: മുൻ ഫുട്‌ബാൾ താരവും സിറ്റി 9 ടീം അംഗവുമായ അബൂബക്കർ കുണ്ടുകാടൻ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോൺഗ്രസിൽ നിന്ന് അകന്നവരെയും, പുറത്താക്കിയവരെയും ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്കും അനിൽ അക്കരയ്ക്കും കഴിഞ്ഞില്ലെന്നാരോപിച്ചാണ് മത്സരിക്കുന്നതെന്ന് അബൂബക്കർ അറിയിച്ചു. ഫുട്‌ബാൾ ചിഹ്നത്തിലാണ് മത്സരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അനിൽ അക്കരയ്ക്കായി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. വ്യാപാരി വ്യവസായി കോൺഗ്രസിന്റെ പിന്തുണയുള്ളതായി അബൂബക്കർ പറഞ്ഞു. പാർളിക്കാട് പത്താംകല്ല് സ്വദേശിയായ അബൂബക്കർ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടു്. അഞ്ചര പതിറ്റാണ്ടായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്. കോൺഗ്രസിൽ നിന്നും അകന്നു നിൽക്കുന്ന നല്ലൊരു വിഭാഗം തനിക്കൊപ്പമുണ്ടെന്ന് അബൂബക്കർ കുണ്ടുകാടൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രചാരണം പ്രഭാത സവാരിയോടെ
തൃശൂർ: പ്രഭാത സവാരിയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇന്നലെ ആറോടെയാണ് പ്രഭാത സവാരിക്കിറങ്ങിയത്. ഇത് തിരഞ്ഞെടുപ്പ് പ്രചരണമായി മാറുകയായിരുന്നു. കുശലാന്വേഷണവുമായി പലരും അദ്ദേഹത്തെ വളഞ്ഞു. എല്ലാ അർത്ഥത്തിലും കൂടെയുണ്ടാകുമെന്ന വാക്കുകളോടെ അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. തുടർന്ന് പാലസ് ഗ്രൗണ്ടിലെത്തിയ സുരേഷ് ഗോപിയെ വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് പരമേശ്വരൻ, കല്യാൺ സിൽക്സ് ഉടമ പട്ടാഭിരാമൻ, അഡ്വ. ഗിരീഷൻ എന്നിവർ ചേർന്ന് ഷാളണിയിച്ചു.
തുടർന്ന് പതിനൊന്നോടെ നഗരത്തിലെത്തിയ അദ്ദേഹം ധനലക്ഷ്മി ബാങ്ക്, ബിസ്മി സൂപർമാർക്കറ്റ്, ഇസാഫ് ഹെഡ് ഓഫീസ്, എന്നിവിടങ്ങളിലെ ജീവനക്കാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം പ്രൊഫ. പി.സി തോമസ്, വിദ്യാഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിരിപ്പാട് തുടങ്ങിയവരെ സന്ദർശിച്ചു. വൈകിട്ട് മൂന്നിന് പൂങ്കുന്നം ശങ്കരംകുളങ്ങര ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ സുരേഷ് ഗോപി പങ്കെടുത്തു. തുടർന്ന് ചേറൂർ, വടൂക്കര, കാര്യാട്ടുകര തുടങ്ങിയ ഡിവിഷനുകളിലും പൊതുസമ്മേളനം നടന്നു. സമ്മേളനങ്ങളിൽ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, ജനറൽ സെക്രട്ടറി വിപിൻ ഐനിക്കുന്നത്ത്, കൗൺസിലർ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.