
വടക്കാഞ്ചേരി: കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്നും എൽ.ഡി.എഫ് ചരിത്രം സൃഷ്ടിക്കുമെന്നും സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാർ കഴിഞ്ഞ തവണ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ എൺപത് ശതമാനവും നടപ്പിലാക്കി. ബാക്കി ഇരുപത് ശതമാനം നടപ്പിലാക്കി വരികയാണ്. നോട്ട് നിരോധനം, പ്രളയം, കൊവിഡ് എന്നിവയെ എല്ലാം പ്രതിരോധിക്കാൻ കേരളത്തിലെ സർക്കാരിന് കഴിഞ്ഞു.
പൗരത്വ ദേതഗതി ബില്ലിനെതിരെ ശബ്ദിച്ച ഏക സംസ്ഥാനമാണ് കേരളം. കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ 35 എം.എൽ.എമാർ ഉണ്ടെങ്കിൽ ഭരണം നടത്താമെന്നാണ് ബി.ജെ.പി പറയുന്നത്. ബാക്കിയുള്ളവരെ കോൺഗ്രസിൽ നിന്നും പണം നൽകി വാങ്ങാമെന്നതാണ് ഉദ്ദേശം. കേരളത്തിൽ കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.ആർ സോമനാരായണൻ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി, എം.എം വർഗീസ്, ഡോ. പി.കെ ബിജു, കെ.കെ ചന്ദ്രൻ, മേരി തോമസ്, എ. പത്മനാഭൻ, പി.എൻ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
കേരളത്തിൽ ബി.ജെ.പിയെ വളർത്തുന്നത്
യു.ഡി.എഫിന്റെ നയങ്ങൾ: ഡി. രാജ
തൃശൂർ : കേരളത്തിൽ ബി.ജെ.പിയെ വളർത്തുന്നത് യു.ഡി.എഫിന്റെ നയങ്ങളാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ. തൃശൂർ പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കുന്നത് എൽ.ഡി.എഫാണ്. രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്ന ബി.ജെ.പി ഭരണത്തിന്റെ അവസാനത്തിനുള്ള തുടക്കമായിരിക്കും ഈ തിരഞ്ഞെടുപ്പ്. കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ജനങ്ങളിൽ നല്ല മതിപ്പുണ്ടാക്കി. പ്രളയവും കൊവിഡുമടക്കമുള്ള പ്രതിസന്ധികളിൽ ജനങ്ങൾക്ക് താങ്ങാകാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനായി. കൊവിഡുൾപ്പെടെ ദുരിതകാലത്ത് സാധാരണക്കാരായ ജനങ്ങൾക്കായി ഒരു പദ്ധതിയും മോഡി സർക്കാർ നടപ്പാക്കിയില്ല. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ഇന്ത്യയ്ക്ക് മാതൃകയാണ്. അഞ്ച് വർഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ വർദ്ധിച്ചു. പട്ടിണിപ്പാവങ്ങളുടെ എണ്ണം കൂടി. പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്നു. കോർപ്പറേറ്റുകൾക്കും ബിസിനസുകാർക്കുമായാണ് മോദി സർക്കാർ നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ സന്യാസിനിമാർ അക്രമിക്കപ്പെട്ടു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൃസ്ത്യൻ, മുസ്ലീം ന്യൂനപക്ഷങ്ങൾ മാത്രമല്ല ദളിത്, ആദിവാസി വിഭാഗത്തിൽപ്പെട്ടവരും ആക്രമണങ്ങൾക്കിരയാകുന്നു. മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാലാണ് ബി.ജെ.പിയെ പോലെ യു.ഡി.എഫും ശബരിമല ഇപ്പോഴും പറഞ്ഞു നടക്കുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി രാജ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. വിനീത നന്ദി പറഞ്ഞു.