election

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ വീറും വാശിയുമേറി മുന്നണികൾ പ്രചാരണ രംഗത്ത് സജീവമായി. ആദ്യഘട്ടത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ നേരിൽക്കണ്ട് വോട്ടർഭ്യർത്ഥിച്ച സ്ഥാനാർത്ഥികൾ രണ്ടാംഘട്ടത്തിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം തുടങ്ങി വച്ചിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ചെറിയ പൊതുയോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥന തുടരുകയാണ്. തൃശൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി താരപരിവേഷത്തോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങി നാമനിർദ്ദേശപത്രിക നൽകിയതും ശക്തൻ തമ്പുരാനെ മാല ചാർത്തിയതും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വലിയ ഓളം സൃഷ്ടിച്ചു.

ശക്തൻ തമ്പുരാനെ ഹാരാർപ്പണം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന തൃശൂർ കോർപറേഷന്റെ പ്രഖ്യാപനവും വലിയ തോതിൽ ചർച്ചയായി. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള പടല പിണക്കം അവസാന നിമിഷത്തിലും കോൺഗ്രസിനെ വേട്ടയാടുകയാണ്. ഏറ്റവുമൊടുവിൽ തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.കെ ജോണാണ് കോൺഗ്രസ് ഭാരവാഹിത്വം രാജിവെച്ചത്.

ദേശീയ നേതാവായിരുന്ന പി.സി ചാക്കോയും മണലൂരിലെ കോൺഗ്രസ് നേതാവ് സി.ഐ സെബാസ്റ്റിനും കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നിരുന്നു. കയ്പമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭാ സുബിന് മൂന്നിടത്ത് വോട്ടുണ്ടെന്ന വാർത്തയും വലിയ തോതിൽ ചർച്ചയായി. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയതിനെ ചൊല്ലിയുള്ള ഗുരുവായൂരിലെ പ്രശ്‌നങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നേതൃത്വത്തിന് പരിഹാരം കാണാനായത്. ഗുരുവായൂരിൽ റാലിക്കിടെ സി.പി.എമ്മിലെ പ്രാദേശിക നേതാക്കൾ തമ്മിൽത്തല്ലിയതും സി.പി.എമ്മിലെ അന്ത:ഛിദ്രങ്ങൾ വെളിപ്പെടുത്തുന്നതായി.

നിരയായി ദേശീയ, സംസ്ഥാന നേതാക്കൾ

പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികൾക്കൊപ്പം വോട്ടഭ്യർത്ഥനയുമായെത്തി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ, പി.സി ചാക്കോ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ഗൗതം ഗംഭീർ ഉൾപ്പെടെയാണ് പ്രചാരണത്തിനായി തൃശൂരിലെത്തിയത്. കനയ്യകുമാർ, പ്രിയങ്കാഗാന്ധി, സ്മൃതി ഇറാനി, അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കൾ അടുത്ത ദിവസങ്ങളിലായെത്തിയേക്കും.

പ്രചരണത്തിൽ എൽ.ഡി.എഫ് ബഹുദൂരം മുന്നിലാണ്. കൺവെൻഷനുകളെല്ലാം പൂർത്തിയാക്കി സ്ഥാനാർത്ഥികൾ തുറന്ന വാഹനത്തിൽ സഞ്ചാരം തുടങ്ങി. ലോക്കൽ റാലികളും മൈക്ക് അനൗൺസ്‌മെന്റുകളും നടക്കുന്നു. ഒരു ബൂത്തിൽ നാല് സ്‌ക്വാഡുകളാണ് പ്രവർത്തനം നടത്തുന്നത്. ജില്ലയിൽ എൽ.ഡി.എഫ് മികച്ച ജയം നേടും.

എം.എം വർഗീസ് .. ജില്ലാ സെക്രട്ടറി, സി.പി.എം

പ്രചാരണത്തിൽ ആദ്യഘട്ടത്തിൽ പിന്നിലായിരുന്ന യു.ഡി.എഫ് അവസാനഘട്ടത്തിൽ വ്യക്തമായ മേൽക്കെ നേടി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെത്തിയപ്പോൾ പതിനായിരങ്ങളാണ് അവരെ കാണാനെത്തിയത്. കുടുംബസംഗമങ്ങളും മറ്റ് സ്ഥാനാർത്ഥി പര്യാടനങ്ങളും നടന്നുവരികയാണ്. മികവുറ്റ സ്ഥാനാർത്ഥികളായതിനാൽ യു.ഡി.എഫിന് ജില്ലയിൽ നല്ല വിജയം തന്നെ നേടാനാകും.


എം.പി വിൻസെന്റ് ,​ ജില്ലാ കോൺഗ്രസ് പ്രസിഡന്റ്

ജില്ലയിൽ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് വലിയ മുന്നേറ്റമുണ്ടാകും. പ്രചരണം അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോൾ വീറും വാശിയുമേറി. മതന്യൂനപക്ഷങ്ങളുടെ അടക്കം പിന്തുണ ബി.ജെ.പിക്കുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ വികലമായ നയങ്ങൾക്കെതിരെ ജനം വോട്ട് ചെയ്യും.


എ. നാഗേഷ് ,​ ബി.ജെ.പി, സംസ്ഥാന സെക്രട്ടറി