
ചേർപ്പ്: കരിവീരന്മാരുടെ അഴകാലും ഐതിഹ്യ ആചാരപ്പെരുമകളാലും ആറാട്ടുപുഴ പൂരം ഭക്തി സാന്ദ്രമായി. ഇന്നലെ സന്ധ്യയോടെ ആറാട്ടുപുഴ ശാസ്താവിന്റെ ഗജവീരന്മാരുടെ അകമ്പടിയോടെ നടന്ന പുറത്തേക്ക് എഴുന്നള്ളിപ്പ് പൂര സവിശേഷതയായി. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ നൂറിലേറെ മേളകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളവും പൂരപ്പാടത്ത് നിറഞ്ഞ പൂരാസ്വാദകരിൽ മേള കൊഴുപ്പേകി.
മണിക്കൂറുകൾ നീണ്ട മേളത്തിന് ശേഷം പൂനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി പിഷാരിക്കൽ, എടക്കുന്നി ഭഗവതി, അന്തിക്കാട് ചൂരക്കോട് ഭഗവതിമാരുടെ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയുണ്ടായി. തുടർന്ന് അർദ്ധരാത്രിയോടെ തൃപ്രയാർ തേവരുടെ രാജകീയ പ്രൗഢി നിറഞ്ഞ വരവും അണമുറിയാതെ പൂരപ്പാടത്ത് നിറഞ്ഞ ആസ്വാദകരിൽ ആത്മ നിർവൃതിയായി.
കൈതവളപ്പിലെത്തിയ തേവർക്ക് അഭിമുഖമായി പൂരപ്പാടത്ത് ചാത്തക്കുടം ശാസ്താവ്, ചേർപ്പ് ഭഗവതി, ഊരകത്തമ്മ തിരുവടിയുമായി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. എഴുന്നെള്ളിപ്പിൽ 26 ഓളം ഗജവീരന്മാർ അണിനിരന്നു. തുടർന്ന് മന്ദാരക്കടവിൽ ദേവീദേവന്മാരുടെ ആറാട്ട് ഭക്തിനിർഭരമായി . പിഷാരിക്കൽ ഭഗവതി ആദ്യ ആറാട്ട് നടത്തി. തുടർന്ന് തൃപ്രയാർ തേവരും ഊരകത്തമ്മ തിരുവടിയും ഒരുമിച്ച് ക്ഷേത്ര സന്നിധിയിലെത്തുകയും ഊരകത്തമ്മ തിരുവടി ആറാട്ടുപുഴ ക്ഷേത്രം ആദ്യം വലം വയ്ക്കുകയും ചെയ്തു. ദേവീ ദേവന്മാരുടെ ഉപചാരം പിരിയുന്ന സമയം, അടുത്ത വർഷത്തെ പൂരത്തിന്റെ തിയതി ക്ഷേത്ര ജ്യോതിഷിയായ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ കുറിച്ചു. 2022 മീനം 2 മാർച്ച് 16 നാണ് ആറാട്ടുപുഴ പൂരം. തുടർന്ന് തേവർ മടങ്ങുകയും മീനപ്പൂരത്തിന്റെ ഈറനണിഞ്ഞ നയനങ്ങളോടെ, പൂരപ്പാടത്ത് നിന്ന് പുരുഷാരവും ഒഴിഞ്ഞു. ഇന്ന് ക്ഷേത്രത്തിൽ ഗ്രാമബലിയും രാത്രി കൊടികുത്തും നടക്കും.
താര മോടിയോടെ സുരേഷ് ഗോപിയുടെ
രണ്ടാംഘട്ട പര്യടനം
തൃശൂർ: താര മോടിയോടെ തൃശൂർ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൃശൂർ ശക്തൻ മാർക്കറ്റിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ആവേശോജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.
ഭാരതീയ വാണിജ്യ വ്യവസായ സമിതി നേതാക്കളായ പി.വി സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി കെ. എം ശിവദാസൻ, വൈസ് പ്രസിഡന്റ് ആൻസൺ, ബി.എം.എസ് നേതാവ് ബി.ജെ.പി ജില്ലാ കമ്മിറ്റി മെമ്പർ ഷൺമുഖൻ, കൗൺസിലർ പൂർണിമ സുരേഷ്, നാസർ , ബിനോയ് എന്നിവർ ചേർന്ന് അദ്ദേഹത്തെ വരവേറ്റു.
അതിന് ശേഷം കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ഹോസ്പിറ്റൽ ജീവനക്കാരെയും സുരേഷ് ഗോപി കാണാനെത്തി. തൃശൂർ സിൽക്ക് കേന്ദ്രയിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തൃശൂർ ബിഷപ്പ് ഹൗസിലെത്തിയ സുരേഷ് ഗോപി ബിഷപ്പ് മാർ അപ്രേം മെത്രാാപ്പോലീത്തയുമായും കൂടിക്കാഴ്ച നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. ഹരി, തൃശൂർ നിയോജക മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവരും കൂടെയുണ്ടായിരുന്നു.