അരിമ്പൂർ: വാട്ടർ അതോറിറ്റിയിലേയും പൊതുമരാമത്ത് വകുപ്പിലേയും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അരിമ്പൂരിൽ കുടിവെള്ളം പാഴാകുന്നു. തൃശൂർ കാഞ്ഞാണി സംസ്ഥാന പാതയിൽ കുന്നത്തങ്ങാടിയിൽ രണ്ടിടത്ത്, സ്റ്റുഡൻസ് റോഡ് പരിസരത്തെ കലുങ്കിന് താഴെ, എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടിയതിനാൽ ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന് അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് ഷിമി ഗോപി, കേരള കർഷകസംഘം അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധിയുമായ കെ. രാഗേഷ്, ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി ട്രഷററുമായ സിജി സജീഷ് എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയറുമായി സംസാരിച്ചുവെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും കുടിവെള്ള ചോർച്ച തടയാൻ അധികൃതർക്കായിട്ടില്ല.
സംസ്ഥാന പാതയിൽ മെക്കാഡം ടാറിംഗ് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് റോഡിനടിയിലൂടെയുള്ള പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽ പെട്ടത്. ഇത് ശരിയാക്കണമെങ്കിൽ റോഡ് പൊളിക്കണമെന്നും അതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണമെന്ന് വാട്ടർ അതോറിറ്റി അധികൃതരും, അനുമതി ലഭിക്കണമെങ്കിൽ വെട്ടിപൊളിക്കുന്ന റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നതിനാവശ്യമായ തുക കെട്ടിവെക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും പറഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് പഞ്ചായത്ത് അധികൃതർ. 8, 9, 13, വാർഡുകളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്.