
ചേർപ്പ്: തിരഞ്ഞെടുപ്പാകുമ്പോൾ സ്ഥാനാർത്ഥികൾ മണികണ്ഠനെ തേടിയെത്തും, അവരുടെ വിജയത്തേര് തെളിക്കാൻ. മൂന്ന് പതിറ്റാണ്ടായി ആറ് ഇടത് സ്ഥാനാർത്ഥികളുടെ വിജയത്തിനൊപ്പം സാരഥിയായ മണികണ്ഠൻ ഇക്കുറിയും ആ ദൗത്യം തുടരുന്നു. 1990ൽ വി.വി രാഘവന്റെ തിരഞ്ഞെടുപ്പ് മുതലാണ് ആലപ്പാട് തെക്കേപുരക്കൽ മണികണ്ഠൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ സാരഥിയാകുന്നത്. അംബാസിഡർ കാറിലായിരുന്നു ആദ്യ പ്രയാണം. 17 വർഷം ഇതേ കാറിൽ സഞ്ചരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥികളെല്ലാം വിജയത്തിന്റെ മധുരമറിഞ്ഞവരാണ്.
പിന്നീട് 1996ൽ അന്നത്തെ ചേർപ്പ് മണ്ഡലത്തിൽ നിന്ന് കെ.പി രാജേന്ദ്രന്റെ സാരഥിയായി വീണ്ടും അതേ റോളിൽ. 2006ൽ വി.എസ് സുനിൽകുമാറിന്റെയും 2011ൽ നാട്ടിക മണ്ഡലമായി പുന:ക്രമികരിച്ചപ്പോൾ ഗീത ഗോപിയുടെയും സാരഥിയായി. 2015 ൽ ഗീത ഗോപി വിജയം ആവർത്തിച്ചപ്പോൾ മണികണ്ഠനും ഒപ്പമുണ്ടായിരുന്നു. ഇത്തവണ നാട്ടിക മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.സി മുകുന്ദന്റെ വിജയത്തിലേക്കുള്ള കുതിപ്പിലാണ് മണികണ്ഠൻ.
സഹോദരൻ ഹരിദാസനിൽ നിന്നാണ് മണികണ്ഠൻ ഡ്രൈവിംഗ് പഠിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ടാക്സി ഡ്രൈവറായി. ചാഴൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റായ സിന്ധു ഭാര്യയാണ്. വിദ്യാർത്ഥികളായ അക്ഷയ്, അശ്വിൻ എന്നിവർ മക്കളാണ്.
പൂരം:പത്മജ വേണുഗോപാൽ
ധർണ്ണ നടത്തി
തൃശൂർ: തൃശൂർ പൂരത്തോട് സംസ്ഥാന സർക്കാർ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് തൃശൂർ യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ ധർണ നടത്തി. പൂരത്തിനായി പോരാടിയതിന് പത്മജ വേണുഗോപാലിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് സമാപനയോഗത്തിൽ തൃശൂർ പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റ് സതീഷ് മേനോൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി.വി ചന്ദ്രമോഹൻ പത്മജയെ പൊന്നാട അണിയിച്ച് ധർണ അവസാനിപ്പിച്ചു. വർഷങ്ങളായി പൂരം പ്രദർശനം ചെയർമാനായി പ്രവർത്തിച്ച കെ. കരുണാകരനെ ചന്ദ്രമോഹൻ അനുസ്മരിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പാറമേക്കാവ് വൈസ് പ്രസിഡന്റ് ഡോ. ബാലഗോപാൽ, അസി. സെക്രട്ടറി കെ.ബി ജയൻ, ബോർഡ് അംഗങ്ങളായ ശശിധരൻ, മാധവ് കുമാർ, ഉണ്ണിക്കൃഷ്ണൻ എന്നിവരും തിരുവമ്പാടി ദേവസ്വം വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ, എം.ആർ മോഹൻ, എം.ആർ ചന്ദ്രൻ എന്നിവരും പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് പത്മജയെ പൊന്നാട അണിയിച്ചാണ് ധർണ ഉദ്ഘാടനം ചെയ്തത്. ഐ.പി പോൾ അദ്ധ്യക്ഷനായി. ടി.എം ശ്രീനിവാസ്, ഷാജി കോടങ്കണ്ടത്ത്, യു.ഡി.എഫ് ചെയർമാൻ അനിൽ പൊറ്റേക്കാട്ട്, ജോൺസൻ കാഞ്ഞിരത്തിങ്കൽ, കെ. ഗിരീഷ് കുമാർ, ജോസ് താണിക്കൽ, കെ. രാമനാഥൻ, രവി താണിക്കൽ തുടങ്ങിയവർ പങ്കെടുത്തു.