
തൃശൂര്‍: പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്സിബിഷന് ഓൺലൈൻ ബുക്കിംഗ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നാണ് സംഘാടക സമിതി പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് കളക്ടർ വിളിച്ച യോഗം സംഘാടക സമിതി ബഹിഷ്കരിച്ചു.
ആഴ്ചകൾ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച് എക്സിബിഷൻ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തത്. കൊവിഡിന്‍റെ രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്.
പ്രതിഷേധവുമായി സംഘാടക സമിതി
അതിനിടെ പൂരം പ്രദർശനത്തിന് ഓൺലൈൻ ബുക്കിംഗ് വഴി ദിനംപ്രതി 200 സന്ദർശകർക്കേ എക്സിബിഷന് അനുമതിയുള്ളൂവെന്ന നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് സംഘാടക സമിതി. ഓൺലൈൻ ബുക്കിംഗ് വഴി സന്ദര്‍ശകരെ കയറ്റണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം അംഗീകരിക്കില്ല. പൂരത്തെ തകർക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം ഉപേക്ഷിക്കണം. നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരം ഉപേക്ഷിക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. സാധാരണ പൂരം എക്സിബിഷന് ദിനംപ്രതി ആയിരക്കണക്കിന് സന്ദർശകരാണെത്തുക. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് തൃശൂർ പൂരം നടത്തിപ്പിന് സംഘാടക സമിതി തുക കണ്ടെത്തുന്നത്.
198 പേർക്ക് കൊവിഡ്
തൃശൂർ : ശനിയാഴ്ച്ച 198 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 196 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1541 ആണ്. തൃശൂർ സ്വദേശികളായ 58 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,504 ആണ്. 1,01,240 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ മൂന്ന് പേർക്കും ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധ ഉണ്ടായി.