delivery-in-bathroom

മാള: കുളിമുറിയിൽ പ്രസവിച്ച യുവതിക്ക് പഞ്ചായത്തംഗത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി. കുഴൂർ തെക്കൻ താണിശ്ശേരി പയ്യപ്പിള്ളി മണിയുടെ ഭാര്യ സൗമ്യയാണ് (30) ഇന്നലെ രാവിലെ വീടിനകത്തെ കുളിമുറിയിൽ പ്രസവിച്ചത്. ഈ സമയത്ത് വൃക്കരോഗിയായ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

പ്രസവവേദന അനുഭവപ്പെട്ടപ്പോഴുണ്ടായ അസ്വസ്ഥതയിൽ കുളിമുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും സൗമ്യ അബോധാവസ്ഥയിലായി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സഹോദരൻ അയൽവാസികളെ അറിയിച്ചപ്പോൾ അവരാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുവിനെ വിളിച്ചത്. ഉടൻ ഷിബു വാർഡ് മെമ്പറായ സ്റ്റിമാ ലിയോനെ അറിയിച്ചു.

സ്റ്റിമയെത്തിയാണ് മാള സർക്കാർ ആശുപത്രിയിലെ ഡോക്ടർ ആശയെ കൊണ്ടുവന്നത്. അമിത രക്തസ്രാവത്താൽ ബോധരഹിതയായ സൗമ്യയെ അയൽവാസികളുടെ സഹായത്താൽ വാതിൽ പൊളിച്ചാണ് രക്ഷിച്ചത്. ഡോക്ടർക്ക് മുമ്പ് കുഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ധന്യയെത്തി പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ചിരുന്നു. തുടർന്നെത്തിയ നഴ്‌സ് അബിത സൗമ്യയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് എത്തിക്കുന്നതുവരെ ഒപ്പമുണ്ടായി.

ആദ്യം മാള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും സൗമ്യയുടെ ആരോഗ്യാവസ്ഥ മോശമായിരുന്നതിനാൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ മാള സർക്കാർ ആശുപത്രിയിലെ ആംബുലൻസ് ലഭ്യമാകാതെ വന്നത് പ്രശ്‌നമായി. സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് കൊണ്ടുവന്നാണ് അമ്മയേയും കുഞ്ഞിനേയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വാർക്കപ്പണിക്കാരനായ ഭർത്താവ് മണി ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. അഞ്ചും മൂന്നും വയസുള്ള മൂത്ത മക്കൾ വീട്ടിലുണ്ടായിരുന്നു.

സൗമ്യ ഒരു തവണ മാത്രമാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ കണ്ടിട്ടുള്ളത്. രക്തക്കുറവ് അന്നേ ഉള്ളതിനാൽ ചികിത്സ നിർദ്ദേശിച്ചെങ്കിലും ഒന്നും ചെയ്തില്ല. എല്ലാവരും സമയോചിതമായി പ്രവർത്തിച്ചു. സൗമ്യക്ക് രക്തം നൽകാനും ഒരുകൂട്ടം യുവാക്കളെത്തി. ആശുപത്രിയിൽ അമ്മയേയും കുഞ്ഞിനേയും പരിചരിക്കാൻ ഒരു സഹായിയെ ഏർപ്പാടാക്കിയിട്ടുണ്ട്.

സ്റ്റിമ ലിയോ,
വാർഡ് മെമ്പർ