
തൃശൂർ: കിഫ്ബി ഫണ്ടിന്റെ ഗുണഭോക്താക്കളായ പ്രതിപക്ഷ എം.എൽ.എമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എൽ.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.ബാലചന്ദ്രന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കാണ് ജനം വോട്ടുചെയ്യുക.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ 140 നിയമസഭാ മണ്ഡലങ്ങളിലും കിഫ്ബി ഫണ്ട് വിനിയോഗിച്ച് അഭിമാനകരമായ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. കിഫ്ബിയിലൂടെ കേരളം ലോകോത്തര നിലവാരത്തിലെത്തുമെന്നും ഐസക് പറഞ്ഞു. മന്ത്രി വി.എസ് സുനിൽ കുമാർ, സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ,സി.പി ജോസ് തുടങ്ങിയവർ സംസാരിച്ചു.