
തൃശൂർ: ശക്തന്റെ തട്ടകത്തെ ഇളക്കി മറിച്ച് മുന്നണി സ്ഥാനാർത്ഥികളുടെ പ്രചാരണം കൊഴുക്കുന്നു. റോഡ് ഷോകൾ, വിവിധ കേന്ദ്രങ്ങളിലെ സന്ദർശനങ്ങൾ, സ്വീകരണ യോഗങ്ങൾ എന്നിവയിൽ പങ്കെടുത്താണ് മൂന്നോട്ട് പോകുന്നത്
ആവേശം കൊള്ളിച്ച് പദ്മജയുടെ വാഹന റാലി
പ്രചാരണം ചൂട് പിടിക്കുമ്പോൾ കിഴക്കേകോട്ടയെ ഇളക്കിമറിച്ചു പദ്മജയുടെ പ്രചരണറാലി. കിഴക്കുംപാട്ടുകര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ സ്വീകരണയോഗത്തോട് കൂടിയാണ് വാഹന റാലി ആരംഭിച്ചത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പദ്മജ വേണുഗോപാൽ പ്രചരണരംഗത്ത് സജീവമാണ്. ദിവസം തോറും വൈകിട്ട് മൂന്ന് മുതൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നാടിനെ ആവേശം കൊള്ളിച്ച് നടത്തുന്ന വാഹനജാഥയിൽ സ്ഥാനാർത്ഥി പങ്കെടുത്തു. തിരഞ്ഞെടുപ്പ് പര്യടനം മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയതു. ഐ. പി പോൾ, രാജൻ ജെ. പല്ലൻ, ജോൺ ഡാനിയേൽ, അനിൽ പൊറ്റെക്കാട്ട്, രവി ജോസ് താണിക്കൽ, കെ. ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് ഹാപ്പി മത്തായി , ടി. ആർ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു
സജീവമായി സുരേഷ് ഗോപി
എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പാടൂക്കാട് കുംഭാര കോളനി സന്ദർശിച്ച് മൺപാത്ര നിർമ്മാണ തൊഴിലാളികളെ കണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. അരണാട്ടുകര സെന്റ് തോമസ് ചർച്ച് സന്ദർശിച്ചു. ഓശാന ദിനത്തിൽ ഇടവകയിലെ വിശ്വാസികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
ലാലൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുത്തു. എ.കെ.ജി കോളനി സന്ദർശിച്ചു. അവിടെയുള്ള വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. അയ്യന്തോൾ, പുതൂർക്കര, അരണാട്ടുകര എന്നിവിടങ്ങളിൽ കുടുംബ യോഗത്തിൽ പുത്തൻപള്ളി, നെട്ടിശ്ശേരി ക്ഷേത്രം എന്നിവിടങ്ങളിലെത്തി. നെട്ടിശ്ശേരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ മേള കലാകാരൻ കിഴക്കൂട്ട് അനിയൻ മാരാരെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ ഹരി, രഘുനാഥ് എന്നിവർ കൂടെയുണ്ടായിരുന്നു.
ഐസക്കിനൊപ്പം റോഡ് ഷോയിൽ ബാലചന്ദ്രൻ
പ്രചാരണ രംഗത്ത് തരംഗവുമായി മുന്നേറുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ ഇന്നലെ മന്ത്രി തോമസ് ഐസക്കിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. ഒളരിയിൽ നടന്ന പൊതുയോഗത്തിന്റെ ഭാഗമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ മന്ത്രി വി.എസ് സുനിൽ കുമാറും പ്രാദേശിക എൽ. ഡി. എഫ് നേതാക്കളും പങ്കെടുത്തു. കേരള വർമ്മ കോളേജിലെ സുഹൃത്തുക്കളും സഹപാഠികളും ചേർന്ന് ഒരുക്കിയ സൗഹൃദ സദസിലും പങ്കെടുത്തു. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.