
തൃശൂർ : പൂരം പ്രദർശനത്തിന് 200 പേരെ മാത്രമേ പ്രവേശിപ്പിക്കാനാകൂവെന്ന നിലപാടിനെതിരെ ദേവസ്വങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൂരാഘോഷം സാധാരണ നിലയിൽ നടത്താൻ സത്വര ഇടപെടലുമായി സർക്കാർ. മന്ത്രി സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം ചേർന്ന യോഗത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് സാധാരണ നിലയിൽ പൂരം നടത്താമെന്ന് കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി. കളക്ടറുടെ ചേംബറിൽ ഇരുദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോർ കമ്മിറ്റിയുമായും നടത്തിയ യോഗത്തിലാണ് തീരുമാനം.
പൂരം അതിന്റെ എല്ലാ ആചാര ആഘോഷച്ചടങ്ങുകൾ ഉൾപ്പെടുത്തി നടത്താം. എന്നാൽ ജനങ്ങളെ നിയന്ത്രിക്കുന്നതുൾപ്പെടെ കൊവിഡ് മാനദണ്ഡം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഏറ്റെടുക്കണം. പൂരം എക്‌സിബിഷനും സാധാരണ പോലെ നടത്താം. മുൻ കാലങ്ങളിലെ പോലെ മാനുവൽ ടിക്കറ്റിംഗ് സംവിധാനമാണ് ഇതിലേർപ്പെടുത്തുക. എന്നാൽ സന്ദർശകരെ നിയന്ത്രിക്കാൻ സംഘാടകർ ശ്രദ്ധിക്കണം.
പൂരത്തിന്റെ പ്രധാന ചടങ്ങുകളിലും ആഘോഷങ്ങളിലും ഉണ്ടാവാൻ സാദ്ധ്യതയുള്ള തിരക്ക് നിയന്ത്രിക്കാൻ ഇരു ദേവസ്വങ്ങൾക്കൊപ്പം കൊച്ചിൻ ദേവസ്വം ബോർഡും മേൽനോട്ടം വഹിക്കണം. ഏപ്രിൽ ഒന്ന് മുതൽ ഇരുദേവസ്വങ്ങളുടെയും 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ നടത്തും. ഇതിനായി ഇരു ദേവസ്വവും വാക്‌സിനേഷനുള്ള പട്ടിക ഉടൻ നൽകണം. പൊലീസ് സേനയുടെ മുഴുവൻ സമയ പ്രവർത്തനവും പൂരത്തിനുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ദേവസ്വം സ്‌പെഷൽ കമ്മിഷണർ എൻ. ജ്യോതി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി രവികുമാർ തുടങ്ങിയവരും പങ്കെടുത്തു.