
തൃശൂർ: പൂരത്തിന്റെ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ലെന്നും എല്ലാ ചടങ്ങുകളോടെയും പൂരം നടത്തുമെന്നും കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കളത്തിൽ കൊട്ടിക്കയറുകയാണ് തൃശൂർ പൂരം.
കഴിഞ്ഞ ദിവസങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണി നേതാക്കൾ രംഗത്തെത്തുകയും യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ ഇന്ന് സത്യഗ്രഹം സമരമനുഷ്ഠിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പൂരം പ്രദർശനത്തിന് ഒരേസമയം 200 ലേറെ പേർ പാടില്ലെന്നത് അടക്കമുളള നിർദ്ദേശങ്ങളും നിബന്ധനകളും ഭരണകൂടവും പൊലീസും ആരോഗ്യവകുപ്പും കർശനമാക്കിയതോടെയാണ് ദേവസ്വങ്ങളും പൂരപ്രേമികളും കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധമുയർത്തിയത്. പൂരം മുൻകാലങ്ങളിലേതുപോലെ നടത്താൻ സർക്കാർ തീരുമാനിച്ചതാണെന്നും തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും മന്ത്രി വി.എസ്. സുനിൽകുമാർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
എൻ.ഡി.എയും സംസ്ഥാന സർക്കാരിനെതിരെ പ്രചാരണവിഷയമായി ഉയർത്തിക്കഴിഞ്ഞു. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിൽ കൗണ്ടറിൽ നിന്ന് പൂരം പ്രദർശന ടിക്കറ്റ് എടുക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കളക്ടർക്ക് കത്തുനൽകിയിരുന്നു. ഇത് ഇന്നലെ പിൻവലിച്ചു. ഇതിനിടെ, പൂരം സംബന്ധിച്ച് ഉദ്യോഗസ്ഥരല്ല, സംഘാടകരും സർക്കാരുമാണ് തീരുമാനമെടുക്കേണ്ടതെന്ന അഭിപ്രായവും ശക്തമായി. കൊവിഡ് രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിന് വൈകാരിക തലങ്ങളേക്കാൾ പ്രായോഗിക ഇടപെടലുകളാണ് വേണ്ടതെന്നും ചില സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
അടിയന്തരയോഗങ്ങളിൽ തീർപ്പ്
പ്രതിഷേധത്തിനിടെ, പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ കൊച്ചിൻ ദേവസ്വം ആസ്ഥാനത്ത് ക്ഷേത്ര ഭാരവാഹികളുടെ അടിയന്തര യോഗവും വിളിച്ചു ചേർത്തിരുന്നു. മന്ത്രി വി.എസ് സുനിൽകുമാറും യോഗത്തിൽ പങ്കെടുത്തു. വൈകിട്ട് കളക്ടറും യോഗം വിളിച്ചുചേർത്ത് തീരുമാനമറിയിച്ചതോടെ പൂരപ്രേമികൾക്ക് ആശ്വാസമായി.
തനിയാവർത്തനം
അടുത്തകാലങ്ങളിൽ തൃശൂർ പൂരം വിവാദങ്ങളുടെ നിഴലിലായിരുന്നു. വെടിക്കെട്ടും എഴുന്നളളിപ്പുമായിരുന്നു അന്ന് പ്രതിസന്ധിക്ക് കാരണമായതെങ്കിൽ ഇപ്പോൾ കൊവിഡ് വ്യാപനമാണെന്നു മാത്രം. ഉദ്യോഗസ്ഥരുടെ കർശന നിബന്ധനകളെ തുടർന്ന് ദേവസ്വങ്ങളും പ്രതിപക്ഷവും ബി.ജെ.പി.യും സർക്കാരിനെതിരെ ആയുധമാക്കുകയും സർക്കാർ തിരിച്ചടിക്കുകയും ചെയ്തതോടെ പൂരം രാഷ്ട്രീയത്തിൽ കലങ്ങി മറിയുകയായിരുന്നു. .
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്. തൃശൂർ പൂരം നടക്കില്ല, പ്രദർശനം നടക്കില്ല തുടങ്ങിയ വ്യാജപ്രചരണങ്ങൾ പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. തൃശൂർ പൂരത്തിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ല.
മന്ത്രി വി.എസ്. സുനിൽകുമാർ