
ഇരിങ്ങാലക്കുട : ശബരിമല ആചാര സംരക്ഷണത്തിനായി നിയമനിർമാണം നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇരിങ്ങാലക്കുട എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ജേക്കബ് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇരിങ്ങാലക്കുടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗങ്ങളുടെയും ആചാര സംരക്ഷണം എൻ.ഡി.എ ഉറപ്പു വരുത്തും. സാക്ഷരത കൊണ്ടും പ്രകൃതി വിഭവങ്ങൾ കൊണ്ടും അനുഗ്രഹീതമായ കേരളത്തിൽ വികസനം കൊണ്ടുവരാൻ ഇരുമുന്നണികൾക്കും കഴിഞ്ഞില്ല. യഥാർത്ഥ വികസനം പുലരണമെങ്കിൽ എൻ.ഡി.എ അധികാരത്തിലെത്തണം. കഴിഞ്ഞ ഏഴു വർഷത്തെ മോദി ഭരണം അത് തെളിയിച്ചു. ബി.ജെ.പി അധികാരത്തിലെത്തിയാൽ വീട്ടിലൊരാൾക്ക് തൊഴിൽ എന്ന പദ്ധതി നടപ്പിലാക്കും. കൊവിഡിനെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കേന്ദ്രസർക്കാർ കൊവിഡ് മാരിയെ നേരിട്ട രീതിയെ ലോകരാജ്യങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു. കൊവിഡിനെ നേരിടുന്നതിന് ലോകത്ത് ആദ്യമായി വാക്‌സിൻ കണ്ടുപിടിച്ചു. 72 രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്യുന്നു. സ്വർണ്ണക്കള്ളക്കടത്ത് വെളിപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് കേന്ദ്ര അന്വേഷണ സംഘം എത്തിയത്. ഇപ്പോൾ അന്വേഷണ ഏജൻസികൾക്കെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നത് ഫെഡറൽ സംവിധാനത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ ഹരി, ജില്ലാ ഇലക്ഷൻ ഇൻ ചാർജ് ജോസഫ് പടമാടൻ, ജില്ലാ സെക്രട്ടറി കവിത ബിജു, മണ്ഡലം ജന സെക്രട്ടറിമാരായ കെ.സി വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കൗൺസിൽ അംഗം ടി.എസ് സുനിൽകുമാർ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് എ.ആർ ജയചന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് അയ്യപ്പൻ മനക്കൽ തുടങ്ങിയവർ സന്നിഹിതരായി.