തൃപ്രയാർ: നാട്ടിക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂരിന്റെ മണ്ഡലപര്യടനം തുടരുന്നു. ഇന്ന് ചേർപ്പിലാണ് പര്യടനം. ഏപ്രിൽ 1 ന് നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ പര്യടനം നടക്കും. പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് ജന. സെക്രട്ടറി പ്രിയങ്കാഗാന്ധി 31 ന് തൃപ്രയാറിൽ പ്രസംഗിക്കും.

ഉച്ചയ്ക്ക് ഒന്നോടെ ബസ് സ്റ്റാൻഡ് പരിസരത്താണ് പ്രിയങ്കാഗാന്ധിയെത്തുക. എടമുട്ടം പാലപ്പെട്ടി വളവിൽ നിന്നും ദേശീയ പാതയിലൂടെ റോഡ് ഷോയായാണ് പ്രിയങ്ക തൃപ്രയാറിലെത്തുകയെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ സി.ഒ ജേക്കബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 1 ന് വിവിധ പഞ്ചായത്തുകളിൽ കുടുംബസംഗമം നടക്കും.

2 ന് കഴിമ്പ്രത്ത് നിന്നും ആരംഭിക്കുന്ന തീരദേശ ജാഥ വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് കിഴക്കൻ മേഖലാ ജാഥ ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. അന്തിക്കാട്, ചാഴൂർ, താന്ന്യം പഞ്ചായത്തുകളിലൂടെയാണ് യാത്ര. നാട്ടികയിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടുമെന്നും നാട്ടികയിലെ 175 ബൂത്തുകളിലായി 3743 ഇരട്ടവോട്ടുകൾ കണ്ടെത്തിയതായും ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും സി.ഒ ജേക്കബ്ബ് അറിയിച്ചു. യു.ഡി.എഫ് നേതാക്കളായ സി.കെ അഷറഫ് അലി, കെ. ദിലീപ്കുമാർ, വി.ആർ വിജയൻ, അനിൽ പുളിക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.