
ഗുരുവായൂർ: അഴകും ആരോഗ്യവും സൽസ്വഭാവവും ഒത്തുചേരുന്നുവെന്നതാണ് ദേവസ്വം ആനത്തറവാട്ടിലെ സൗമ്യ സ്വഭാവക്കാരനായിരുന്ന വലിയ കേശവന്റെ ഏറ്റുവും വലിയ പ്രത്യേകത. ആരെയും ആകർഷിക്കുന്ന രൂപഭംഗിയുണ്ട്. ഇളംമഞ്ഞ കണ്ണുകൾ, നല്ല നടയമരങ്ങൾ, കടഞ്ഞെടുത്തതു പോലുള്ള കൊമ്പുകൾ, നീളമുള്ള തുമ്പി, ഉത്തമമായ ചെവികളും വാലും. ദേവസ്വം ആനത്തറവാട്ടിലെ ആനകളിൽ ഉയരത്തിന്റെ കാര്യത്തിലും വലിയവൻ വലിയകേശവനായിരുന്നു. 304 സെന്റീമീറ്ററാണ് വലിയകേശവന്റെ ഉയരം.
2000 മേയ് 9 നാണ് വലിയ കേശവനെ നാകേരി മനയിലെ വാസുദേവൻ നമ്പൂതിരി ക്ഷേത്രത്തിൽ നടയിരുത്തിയത്. നാകേരി മനയിലെ നാല് ആനകളിൽ ഒരു ആനയെ ഗുരുവായൂരപ്പന് നൽകാൻ നിശ്ചയിച്ചപ്പോൾ ഏത് ആനയെ കൊടുക്കും എന്ന് നിശ്ചയിക്കുന്നതിനായി നാകേരി മനക്കാർ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്ക് ലഭിച്ചത് കൂട്ടത്തിലെ വലിയവനും സുന്ദരനുമായ അയ്യപ്പൻകുട്ടിക്കായിരുന്നു.
അയ്യപ്പൻകുട്ടിയെ നടയിരുത്തുന്ന സമയത്ത് വാസുദേവൻ നമ്പൂതിരി തന്റെ പിതാവ് നാകേരി കേശവൻ നമ്പൂതിരിയുടെ ഓർമ്മയ്ക്കായി അയ്യപ്പൻകുട്ടിയെന്ന പേര് കേശവൻ എന്നാക്കി മാറ്റി. ഗുരുവായൂർ ആനക്കോട്ടയിൽ വലുപ്പത്തിൽ മുന്നിലായ കേശവൻ വലിയ കേശവൻ എന്നാണ് പിന്നീട് അറിയപ്പെട്ടത്. ഗുരുവായൂർ ആനക്കോട്ടയിൽ 49 ആനകൾ ഉണ്ടായിരുന്ന സമയത്ത് അമ്പതാമനായാണ് വലിയ കേശവന്റെ രംഗപ്രവേശം. കൊമ്പൻ കാലെടുത്ത് വച്ച ശേഷം ആനക്കോട്ടയിൽ ആനകളുടെ എണ്ണത്തിൽ വെച്ചടി കയറ്റമുണ്ടായെന്നാണ് പറയുന്നത്. അത് വലിയ കേശവന്റെ 'കാൽപ്പുണ്യം'കൊണ്ടാണെന്നാണ് ആന പ്രേമികൾ വിശ്വസിക്കുന്നത്. ഒരു സമയത്ത് ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 66 വരെ ഉയർന്നു. ആനയെ നടയിരുത്തുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് പുതിയ ആനകൾ വരാതായത്.
രോഗാധിക്യത്താലും പ്രായാധിക്യത്താലും നിരവധി കൊമ്പന്മാർ ചരിഞ്ഞതോടെ ആനകളുടെ എണ്ണത്തിലും കുറവ് വന്നു.
1960കളുടെ അവസാനം ബിഹാറിൽ നിന്നാണ് ഈ കൊമ്പനെ കേരളത്തിലേക്ക് കൊണ്ടു വന്നത്. ഹീറോ പ്രസാദ് എന്നായിരുന്നു ആദ്യത്തെ പേര്. 2018ൽ ചെമ്പൂച്ചിറ മഹാദേവക്ഷേത്രത്തിലെ പൂരത്തിന് കിഴക്കുമുറി സമുദായ കമ്മിറ്റി എഴുന്നള്ളിപ്പിന് റെക്കാഡ് ഏക്കത്തുക നൽകിയാണ് വലിയ കേശവനെ എഴുന്നള്ളിന് സ്വന്തമാക്കിയത്. 2,26,001 രൂപയായിരുന്നു അന്ന് ഒരു ദിവസത്തെ എഴുന്നള്ളിപ്പിന് വലിയകേശവന് ലഭിച്ചത്. ഗുരുവായൂർ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളിൽ മുൻപന്തിയിലായിരുന്ന വലിയ കേശവന് 2017 ൽ 'ഗജരാജൻ' ഗുരുവായൂർ കേശവൻ സ്മരണച്ചടങ്ങിൽ ദേവസ്വം ഗജരാജപ്പട്ടം നൽകി അനുമോദിച്ചിരുന്നു.