
തൃപ്രയാർ: എൻ.ഡി.എ വിജയിച്ചാൽ വികസനത്തിന്റെ മധുരപലഹാരം ജനങ്ങൾക്ക് മുമ്പിൽ നിരത്തി വയ്ക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. നാട്ടിക നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ലോചനൻ അമ്പാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന റാലിക്ക് ശേഷമുള്ള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഭരിക്കുന്നത് ഇടതുമുന്നണിയല്ല, കള്ളക്കടത്ത് മുന്നണിയാണ്. യു.ഡി.എഫാണെങ്കിൽ ഉൾട്ടാപുൾട്ടാ മുന്നണിയും. മാറി മാറി ഭരിച്ചിട്ട് ഇവർ എന്തു ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്തുകാരെ നിയമിക്കുന്നു. യോഗ്യതയില്ലാത്ത വനിതയെ 3 ലക്ഷം രൂപ ചെലവിൽ നിയമിച്ചു. പാർട്ടി പ്രവർത്തകരെ ജോലികളിൽ തിരുകി കയറ്റുന്നു. പഠിച്ച യുവജനങ്ങൾ തെരുവിലലയുന്നു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് ഓഫീസിൽ യുവതിയെ നിയമിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിപ്പോൾ പിണറായിക്ക് ഉത്തരമില്ല. മോദി സർക്കാർ വന്ന ശേഷം അഴിമതി ഇല്ലാതാക്കി.
കർഷകർക്കായി 4,000 കോടിയാണ് നൽകിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ലോചനൻ അമ്പാട്ട്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വി.ജി പുഷ്പാംഗദൻ, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി സി.എ ശിവൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശാന്ത് ലാൽ, ജിഷ്ണു പിഷാരടി, എ.കെ ചന്ദ്രശേഖരൻ, സേവ്യൻ പള്ളത്ത്, ഗോപിനാഥ് വന്നേരി, ജില്ലാ സംയോജ് ഈശ്വർജി എന്നിവർ സംസാരിച്ചു. പ്രഹ്ളാദ് ജോഷി നയിച്ച റോഡ് ഷോ ആവേശമായി. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മഹാറാലി ദേശീയ പാതയിലൂടെ വലപ്പാട് കോതകുളത്ത് സമാപിച്ചു. നൂറ് കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.
തുഷാർ വെള്ളാപ്പള്ളി ഇന്ന് പാവറട്ടിയിൽ
പാവറട്ടി: ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ചൊവ്വാഴ്ച മണലൂർ മണ്ഡലത്തിൽ പര്യടനം നടത്തും. പാവറട്ടി ജോളി വില്ലയിൽ ഉച്ചയ്ക്ക് ശേഷം മൂന്നിന് എൻ.ഡി.എ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് വെങ്കിടങ്ങിൽ നിന്ന് കരുവന്തലയിലേക്കുള്ള റോഡ് ഷോ തുഷാർ വെള്ളാപ്പള്ളി നയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുചേലനല്ല കാലയവനനാണ് കെ.എൻ.എ ഖാദറെന്ന് ബേബി ജോൺ
ഗുരുവായൂർ: ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ വിജയിക്കണമെന്ന തൃശൂർ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രസ്താവന യു.ഡി.എഫ് ബി.ജെ.പി സഖ്യത്തിന്റെ പരസ്യ സ്ഥിരീകരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബിജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് പൊതുവിലും തൃശൂരിൽ പ്രത്യേകിച്ചും കോൺഗ്രസ് ലീഗ് ബി.ജെ.പി ബന്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. വിജയ സാദ്ധ്യതയല്ല മത്സര സാദ്ധ്യതയാണുള്ളതെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തൃശൂരിൽ കരുണാകരപുത്രിയെ ജയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ ബി.ജെ.പിയിൽ ചേർന്നു കൊള്ളാമെന്ന കരുണാകരപുത്രിയുടെ ഉറപ്പിനെ തുടർന്നാണ് ഈ നീക്കമെന്നും ബേബിജോൺ ആരോപിച്ചു. ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകിയത് ആർ.എസ്.എസുമായി യു.ഡി.എഫ് നടത്തിയ കച്ചവട കരാർ ഉറപ്പിക്കാൻ വൈകിയതു കൊണ്ടാണ്. കൃഷ്ണകഥയിലെ കുചേലനല്ല കാലയവനനാണ് കെ.എൻ.എ ഖാദർ എന്നും ബേബി ജോൺ അഭിപ്രായപ്പെട്ടു. സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി അബ്ദുൾ ഖാദർ, എം. കൃഷ്ണദാസ്, സി. സുമേഷ്, നാട്ടിക ഏരിയ സെക്രട്ടറി എം.എ ഹാരിസ് ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഗുരുവായൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായുണ്ടാക്കിയ കോ.ലീ.ബി സഖ്യത്തിന്റെ ഭാഗമാണ്. പരാജയ ഭീതിയിലായ കോൺഗ്രസും ബി.ജെ.പിയും അവിഹിത മാർഗ്ഗത്തിലൂടെ ജനവിധി അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഏതെല്ലാം മണ്ഡലങ്ങളിലാണ് വോട്ട് കച്ചവടം ഉറപ്പിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണം.
എം.എം വർഗ്ഗീസ്
ജില്ലാ സെക്രട്ടറി, സി.പി.എം