തൃശൂർ: പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ കടുത്ത മത്സരത്തിലേക്ക് നീങ്ങുകയാണ് ഒല്ലൂർ മണ്ഡലം. കോർപറേഷന്റെ ഒരു ഭാഗവും മലയോര മേഖലയും ഉൾകൊള്ളുന്ന മണ്ഡലം സീറ്റിംഗ് സീറ്റ് നില നിർത്താനുള്ള തീവ്ര ശ്രമത്തിലാണ് എൽ. ഡി. എഫ്. എന്നാൽ കഴിഞ്ഞ തവണ നഷ്ടപെട്ട ഒല്ലൂർ തിരിച്ചു പിടിക്കാൻ യു.ഡി.എഫും അവസാന വട്ട പരിശ്രമത്തിലാണ്. അതേ സമയം കരുതെളിയിക്കാനുള്ള ശ്രമത്തിൽ എൻ.ഡി.എയും കളം നിറയുമ്പോൾ പോരാട്ട ചൂട് ദിവസം ചെല്ലും തോറും ഏറി വരികയാണ്. ഞായറാഴ്ച ശബ്‍ദ പ്രചാരണം അവസാനിക്കാനിരിയ്ക്കെ ആവനാഴിയിലെ മുഴുവൻ ആയുധങ്ങളും പുറത്തെടുക്കുകയാണ് മൂന്നു മുന്നണികളും. എൽ.ഡി.എഫിലെ കെ.രാജൻ, യു.ഡി.എഫിലെ ജോസ് വള്ളൂർ, എൻ.ഡി. എ യിലെ ബി. ഗോപാലകൃഷ്ണൻ എന്നി മൂന്നു ഊർജസ്വലരായ മുഖങ്ങളാണ് ഒല്ലൂരിലെ മത്സരത്തെ വേറിട്ട് നിർത്തുന്നത്.മൂന്നു പേരും വര്ഷങ്ങളായി ജില്ലയിലെ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യം ആണ്. പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നേതാക്കളുടെ മത്സരത്തിൽ ആര് വിജയകൊടി പിടിക്കുമെന്ന് ഉറ്റു നോക്കുകയാണ് ഒല്ലൂർ.
വികസനം തന്നെയാണ് രാജന്റെ പ്രചാരണ ആയുധമെങ്കിൽ ഇല്ലാത്ത വികസനം ഉണ്ടെന്ന് കള്ള പ്രചാരണം നടത്തുകയാണ് ചെയുന്നതെന്നു യു. ഡി. എഫും എൻ. ഡി. എ യും പറയുന്നു. ദേശീയ പാത കുതിരാൻ വിഷയവും മണ്ഡലത്തിലെ പ്രധാന പ്രചാരണം തന്നെയാണ്. മൂന്നു മുന്നണികളും തങ്ങളുടെ ഭാഗം ന്യായികരിക്കുകയും അവകാശ വാദങ്ങൾ ഉയർത്തുമ്പോൾ കൺഫ്യൂഷനിലാണ് വോട്ടർമാർ. കൂടാതെ മലയോര മേഖലയിലെ വിഷയങ്ങൾ ഏറെ ഉയർത്തി ആണ് മുന്നോട്ട് പോകുന്നത്. സർവേ ഫലങ്ങൾ എൽ. ഡി. എഫിന് കൂടുതൽ ആത്മവിശ്വാസം പകരുമ്പോൾ പണം കൊടുത്തു നേടുന്ന സർവേകളെ ജനം തള്ളി കളയുമെന്ന് യു. ഡി. എഫും എൻ. ഡി. എ യും പറയുന്നു. ക്രൈസ്തവ വോട്ടുകൾ ഏറെ നിർണായകമായ മണ്ഡലത്തിൽ അവരുടെ നിലപാടുകൾ എവിടേക്ക് തിരിയും എന്നത് ആശ്രയിച്ചിരിക്കും മത്സരഫലം.