തൃശൂർ: ദേശീയനേതാക്കൾ ജില്ലയിൽ എത്തി ഓളമുണ്ടാക്കി പ്രചാരണങ്ങളുടെ ഗതിവേഗം കൂട്ടിയശേഷം കലാശക്കൊട്ടിനുളള ഒരുക്കത്തിലാണ് മൂന്നു മുന്നണികളുടേയും നേതൃത്വം. ഇന്ന് പ്രിയങ്ക ഗാന്ധിയും നാളെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും ജില്ലയിലുണ്ട്. താരപ്രചാരകർ നൽകിയ ഊർജ്ജം കരുത്താക്കി അവസാനവട്ട ഓട്ടത്തിലാണ് താഴേത്തട്ടിലുള്ള പ്രവർത്തകർ.
നേതാക്കൾ തന്നെ നേരിട്ട് വീടുകളിലെത്തി അവസാനവട്ട പ്രചാരണം കടുപ്പിക്കും. ഗ്രാമങ്ങളിലൂടെ വാദ്യഘോഷങ്ങളുടെയും നാടൻ കലകളുടെ അവതരണങ്ങളുടെയും അകമ്പടിയോടെയുള്ള ഉത്സവസമാനമായ പരിപാടികളും തുടങ്ങിക്കഴിഞ്ഞു. ദേശീയ നേതാക്കൾ വരുമ്പോഴുണ്ടായ റോഡ് ഷോയ്ക്ക് സമാനമായ ആളും ആരവങ്ങളുമാണ് ഇത്തരം പ്രചാരണങ്ങൾക്കുമുള്ളത്.
അതേസമയം, പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. വേഗം പോരെന്നും മുന്നണി ഘടകകക്ഷികളിൽ ചിലർ രംഗത്ത് സജീവമല്ലെന്നുമുള്ള പരാതികൾ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണി നേതാക്കൾ. ചില മണ്ഡലങ്ങൾക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന നിർദ്ദേശം നേതൃത്വം നൽകിയിട്ടുണ്ട്. എതിർപക്ഷത്തെ നേതാക്കളെയും സ്ഥാനാർത്ഥികളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും നടത്തരുതെന്ന കർശന നിർദ്ദേശവും അണികൾക്കും അനുഭാവികൾക്കും നൽകുന്നുണ്ട്.
ഓളം ഞായറാഴ്ച വരെ
പരസ്യപ്രചാരണത്തിന് സമാപനം കുറിക്കുന്നത് ഏപ്രിൽ നാലിന് വൈകിട്ട് ഏഴിനാണ്. പരസ്യപ്രചാരണം വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് അവസാനിപ്പിക്കണം. പരസ്യപ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയ ആഭിമുഖ്യ കലാപരിപാടികൾ തുടങ്ങിയവയും പാടില്ല. ടെലിവിഷനിലും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്താൻ പാടില്ല.
ഇത് ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
തരംഗമാകാൻ ഇന്ന് പ്രിയങ്ക
ഇന്ന് രാവിലെ പത്തിന് ചാലക്കുടി ടൗൺ ഹാൾ ഗ്രൗണ്ട്, 11.50 ന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം, ഉച്ചയ്ക്ക് 2.10ന് ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ്, 4.40ന് തൃശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനം എന്നിവയാണ് പ്രിയങ്ക ഗാന്ധിയുടെ ജില്ലയിലെ പ്രധാന പരിപാടികൾ. റോഡ് ഷോ ആയാണ് പ്രിയങ്കയുടെ വരവ് ക്രമീകരിച്ചിട്ടുള്ളത്. ചാലക്കുടിയിൽ നിന്നും ദേശീയപാത വഴി ആളൂരിലൂടെ ഇരിങ്ങാലക്കുടയിൽ വന്ന് മൂന്നുപീടിക - കാക്കത്തുരുത്ത് റോഡ് വഴി കയ്പമംഗലം, മൂന്നുപീടിക ജംഗ്ഷൻ ദേശീയപാത വഴി തൃപ്രയാർ - വാടാനപ്പിള്ളി - ചേറ്റുവ വഴി ചാവക്കാടെത്തും. തുടർന്ന് ചാവക്കാട് നിന്നും മമ്മിയൂർ റോഡ് വഴി കുന്നംകുളം, വടക്കാഞ്ചേരി വഴി വിയ്യൂരിലൂടെ തേക്കിൻകാട് മൈതാനത്ത് എത്തും.