കൊടുങ്ങല്ലൂർ: പരാജയഭീതി പൂണ്ട യു.ഡി.എഫ് നേതൃത്വം ഇടതുപക്ഷത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി ടൈസൺ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായ കയ്പമംഗലത്ത് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഉറപ്പായതോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുന്നണിയും വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുകയാണ്. മതിലകത്ത് യു.ഡി.എഫിന്റെ പ്രചാരണ വാഹനവുമായി മറ്റൊരു പാർട്ടിയുടെ വാഹനം ഇടിച്ച സംഭവത്തെ എൽ.ഡി.എഫിന്റെ തലയിൽ വച്ചു കെട്ടാൻ യു.ഡി.എഫ് ശ്രമിച്ചതായും, ഇതിനെതിരെ മതിലകം പൊലീസിൽ എൽ.ഡി.എഫ് പരാതി നൽകിയതായും നേതാക്കൾ പറഞ്ഞു.
വികസനം മുൻനിറുത്തിയാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കിയതായും ഇ.ടി ടൈസൺ മാസ്റ്റർ പറഞ്ഞു. പി.കെ ചന്ദ്രശേഖരൻ, ടി.കെ സുധീഷ്, പി.എം അഹമ്മദ്, ടി.പി രഘുനാഥ് എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.