കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് പ്രദേശത്ത് പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ എത്തിയ ഉദ്യോഗസ്ഥർ വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. അഴീക്കോട് മാർത്തോമയ്ക്ക് സമീപം പള്ളിയിൽ മേരിയാണ് പരാതിയുമായി രംഗത്ത് വന്നത്. എൺപത്തിയാറ് വയസുകാരിയായ മേരിയെ പോസ്റ്റൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് പരാതി.

ഉദ്യോഗസ്ഥരുടെ നടപടിയെ മേരിയും കുടുംബാംഗങ്ങളും ചോദ്യം ചെയ്തിരുന്നു. ഇതിനിടെ വാർഡ് മെമ്പർ ലൈല സേവ്യറും സ്ഥലത്തെത്തി. ഇതോടെ ഉദ്യോഗസ്ഥർ വോട്ടിംഗ് നടപടി വേഗത്തിൽ പൂർത്തിയാക്കി മടങ്ങുകയായിരുന്നു. സംഭവമറിഞ്ഞ യു.ഡി.എഫ് പ്രവർത്തകർ പുത്തൻപള്ളി സെന്ററിൽ ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞു. അൽപ നേരത്തെ സംഘർഷാവസ്ഥയ്ക്കൊടുവിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും മതിലകം ബി.ഡി.ഒയുമായ എസ്. വിക്രമനശ്ശാരി സ്ഥലത്തെത്തുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിലൂടെ എൽ.ഡി.എഫ് ജനഹിതം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഇ.എ അലി മുഹമ്മദ് ആരോപിച്ചു.