ചാലക്കുടി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. പ്രമുഖ നേതാക്കളുടെ വരവും തിരഞ്ഞെടുപ്പ് റാലികളും ഫൈനൽ റൗണ്ട് പ്രചാരണത്തെ വീറും വാശിയുള്ളതുമാക്കുന്നു. പലയിടത്തും കൊവിഡ് മാനദണ്ഡം കാറ്റിൽ പറക്കുകയാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി സനീഷ്‌കുമാർ ജോസഫ് സ്ഥാനാർത്ഥി പര്യടനത്തിന്റെ അവസാന ഘട്ടത്തിലെത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി രണ്ടാം ഘട്ട പര്യടനത്തിന് തുടക്കംകുറിച്ചു. ആദ്യഘട്ടത്തിൽ കുടുംബ യോഗങ്ങളിൽ ശ്രദ്ധയൂന്നിയ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ പര്യടനത്തിന്റെ തിരക്കിലായി.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വരവോടെ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. ഇനിയും പല പ്രമുഖ നേതാക്കളും ചാലക്കുടിയിൽ എത്തിച്ചേരും. പഞ്ചായത്തുകളിൽ റാലികൾ പൂർത്തിയാക്കിയ എൽ.ഡി.എഫ് ആകട്ടെ ബുധനാഴ്ച വൈകീട്ട് നഗരത്തിൽ വനിതാ റാലിയും അടുത്ത ദിവസം വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യ മന്ത്രി പിണറായി വിജയനെ ഒരുദിവസം ചാലക്കുടിയിൽ എത്തിക്കാനുള്ള തീവ്ര പരിശ്രത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. എൻ.ഡി.എയും അടുത്ത ദിവസങ്ങളിൽ റാലി നടത്തുന്നുണ്ട്.
....................................
പ്രിയങ്ക ഗാന്ധി ഇന്ന് ചാലക്കുടിയിൽ
യു.ഡി.എഫ് സ്ഥാനാർത്ഥി സനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ബുധനാഴ്ച ചാലക്കുടിയിലെത്തും. രാവിലെ 10ന് എത്തുന്ന പ്രിയങ്ക ഗാന്ധി ടൗൺഹാൾ മൈതാനിയിലെ പൊതു യോഗത്തിൽ സംബന്ധിക്കും. കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ, താരിഖ് അൻവർ തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
ഇസഡ് കാറ്റഗറിയിൽപ്പെട്ട പ്രിയങ്കയ്ക്ക് വൻ സുരക്ഷയാണ് ഒരുക്കുന്നത്. സതേൺ കോളേജ് ഗ്രൗണ്ടിൽ ഹെലി കോപ്റ്ററിൽ ഇറങ്ങുന്ന കോൺഗ്രസ് നേതാവ് അരമണിക്കൂറിനു ശേഷം റോഡ് മാർഗ്ഗം ഇരിങ്ങാലക്കുടയിലേക്ക് പോകും.