
തൃശൂർ: രാഹുൽ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി
പ്രിയങ്കാ ഗാന്ധി. കേരളത്തിലെ ഇടതുനേതാവ് മോശമായ പരാമർശത്തിലൂടെ പെൺകുട്ടികളെയും സ്ത്രീകളെയും അപമാനിച്ചെന്നും
സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്നും എന്ത് ചെയ്യണമെന്നും ആരും പറയേണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
തേക്കിൻകാട് മൈതാനിയിൽ യു.ഡി.എഫ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മുഖ്യമന്ത്രിമാരിൽ നിന്നാണോ സി.പി.എം പ്രചാരണപാഠങ്ങൾ പഠിക്കുന്നത്? ആ പരാമർശത്തിൽ കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ സന്തോഷിപ്പിച്ചു. പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് ആ നേതാവ് ക്ഷമ ചോദിച്ചത്. സ്ത്രീകൾ എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം, ആരെ ഇഷ്ടപ്പെടണം എന്നെല്ലാം സ്ത്രീകൾ നിശ്ചയിക്കും. എന്ത് ധരിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും ആരെ ഇഷ്ടപ്പെടണമെന്നും ആരും പറയേണ്ട. എന്താകുമെന്ന് തീരുമാനിക്കുന്നുവോ അങ്ങനെയായി അവർ മാറും. നിങ്ങൾക്കായി പോരാടാൻ കൂടെയുണ്ടാകും. എന്താണ് പുരോഗമനം എന്ന് നമ്മൾ സ്ത്രീകൾ അവരെ പഠിപ്പിക്കും. സ്ത്രീകളാണ് വലിയ ശക്തി. സ്ത്രീകളാണ് ഇവിടുത്തെ സ്വർണ്ണം. സംസ്ഥാന സർക്കാരിന് ഈ സ്വർണ്ണം വേണ്ട, വിദേശസ്വർണ്ണം കടത്താനാണ് താൽപര്യം. അതിരപ്പിള്ളി വൈദ്യുത പദ്ധതിയിലൂടെ പ്രകൃതിയുടെ മനോഹരമായ സസ്യജാലങ്ങളടങ്ങിയ സ്വർണ്ണഖനി നശിപ്പിക്കാനാണ് അവർക്ക് താൽപര്യം. മത്സ്യബന്ധന കരാറുകൾ ബഹുരാഷ്ട്ര കമ്പനികൾക്ക് നൽകാനാണ് ശ്രമിച്ചത്. സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന പെൺകുട്ടികൾ യു.ഡി.എഫിനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. യുവത്വത്തിന്റെ പ്രസരിപ്പുളള നിരവധി പേർ മത്സരിക്കുന്നു. കേരളത്തിന്റെ ഭാവി രൂപരേഖയുമായാണ് അവർ ജനങ്ങളെ സമീപിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെൻ്റ് അദ്ധ്യക്ഷനായി.
മുരളീധരന്റെ വിഷമം തീർക്കാൻ
പ്രിയങ്ക ഏപ്രിൽ 3 ന് നേമത്ത്
തിരുവനന്തപുരം:എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തലസ്ഥാനത്തു വന്നിട്ടും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റെന്ന നിലയിൽ രാജ്യം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ കോൺഗ്രസിന്റെ മാനം കാക്കാൻ നിർബന്ധിച്ച് ഇറക്കിയ തന്റെ പ്രചാരണത്തിന് എത്താത്തതിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ വിഷമം അറിയിച്ചു.
ഇതേതുടർന്ന് ഏപ്രിൽ മൂന്നിന് നേമത്ത് വരാമെന്ന് പ്രിയങ്ക അദ്ദേഹത്തിന് ഉറപ്പു നൽകി. അന്ന് രാവിലെ തമിഴ്നാട്ടിൽ ശ്രീപെരുമ്പുതൂരിലെ പ്രചാരണത്തിന് ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. നേമത്തിന് പുറമേ വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും റോഡ് ഷോ അടക്കമുള്ള പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കുമെന്നാണ് അറിയുന്നത്.
നേമത്ത് വരാതിരുന്നത് പലവിധ വ്യാഖ്യാനങ്ങൾക്കും ഇടയാക്കുമെന്ന് മുരളീധരൻ പ്രിയങ്കയെ നേരിൽ ധരിപ്പിച്ചു. ബി.ജെ.പിക്കെതിരെ കടുത്ത മത്സരം നടക്കുന്ന നേമത്ത് പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. മുരളീധരൻ പിന്നീട് മാദ്ധ്യമങ്ങളോടും തന്റെ വിഷമം പറഞ്ഞു. നെഹ്റു കുടുംബത്തിലെ ഒരംഗം വരികയെന്നാൽ അതിനെക്കാൾ വലിയ ആരും ഇല്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.
നേമം എങ്ങനെയും പിടിച്ചെടുക്കാൻ പാർട്ടി നിർബന്ധിച്ചാണ് മുരളീധരനെ ഇറക്കിയത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിൽ എൽ.ഡി.എഫും കടുത്ത വെല്ലുവിളിയിലാണ്. ശക്തമായ ത്രികോണ മത്സരമാണ്. ഈ സാഹചര്യത്തിൽ നേമത്ത് പ്രിയങ്ക എത്താതിരുന്നത് മുരളീധരനെ വിഷമിപ്പിച്ചു. ചൊവ്വാഴ്ച കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരം മണ്ഡലത്തിലേക്ക് പ്രിയങ്ക തിരിച്ചപ്പോൾ ഒപ്പം കയറാൻ മുരളീധരൻ എത്തിയെങ്കിലും വാഹനത്തിൽ സ്ഥലമില്ലാത്തതിനാൽ കയറാനായില്ല.
തലസ്ഥാനത്ത് വെഞ്ഞാറമൂട്, കാട്ടാക്കട, തിരുവനന്തപുരം മണ്ഡലങ്ങളിൽ മാത്രമാണ് കഴിഞ്ഞദിവസം പ്രിയങ്ക പ്രചാരണത്തിനിറങ്ങിയത്.
പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ. എസ്.എസ്. ലാലിന്റെ മത്സരത്തോടെ ശ്രദ്ധേയമായ കഴക്കൂട്ടത്ത് വരാൻ പ്രിയങ്ക താത്പര്യം പ്രകടിപ്പിച്ചെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുംമുമ്പ് ഇന്നലെ രാവിലെ ഡോ. എസ്.എസ്. ലാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കഴക്കൂട്ടത്ത് വരുമെന്ന് അറിയിച്ചത്.
'ടൂ വീലർ ഓടിക്കാമോ? ഞാൻ പിറകിലിരിക്കാം..'
കായംകുളം: കായംകുളത്തെ യു.ഡി.എഫ് പ്രചാരണത്തെ കഴിഞ്ഞദിവസം വഴി തിരിച്ചുവിട്ടത് പ്രിയങ്ക ഗാന്ധി സൃഷ്ടിച്ച ഓളമാണ്. കായംകുളം പട്ടണത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിനോടൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ച പ്രിയങ്ക ഗാന്ധിയെ പ്രവർത്തകരുടെ ആരവങ്ങൾ ആവേശം കൊള്ളിച്ചു. പ്രവർത്തകരുടെ പുഷ്പവൃഷ്ടി ആസ്വദിച്ചും ആവേശം പങ്കുവച്ചുമാണ് പ്രിയങ്ക അരിതയോടൊപ്പം കായംകുളത്ത് തുറന്ന ജീപ്പിൽ സഞ്ചരിച്ചത്. കായംകുളം എം.എസ്.എൻ കോളേജ് ജംഗ്ഷൻ പിന്നിട്ടപ്പോൾ, അരിതയോടവർ വീട്ടുകാരെപ്പറ്റി ചോദിച്ചു. വീട്ടിലെ പശുക്കളെപ്പറ്റിയും പാൽ വില്പനയെപ്പറ്റിയും അച്ഛനമ്മമാരെപ്പറ്റിയുമെല്ലാം അരിത വിവരിച്ചു. അച്ഛൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിനാൽ രാവിലത്തെ പശുപരിപാലനമൊക്കെ കഴിഞ്ഞാൽ അധികം പുറത്തേക്കിറങ്ങാറില്ല. അച്ഛന് പ്രിയങ്കയെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും കാണാനായി ടൗണിലേക്കിറങ്ങാനിരിക്കുകയാണെന്നും അരിത പ്രിയങ്കയോട് പറഞ്ഞു. "ഇന്ദിരാഗാന്ധിയുടെ ട്രൂകോപ്പിയല്ലേ, അതാണ് അച്ഛന് ഇത്ര ആവേശം..."- ഇന്നലെ രാവിലെ ആറ് മണിയോടെ വീട്ടിലെത്തിയ ഈ ലേഖകനോട് അരിത പറഞ്ഞു.
"പ്രിയങ്കയോട് കാര്യങ്ങൾ വിശദീകരിച്ചയുടൻ, വീട്ടിലേക്ക് പോകാമെന്നായി. എത്ര ദൂരമുണ്ടെന്ന് ചോദിച്ചു. രണ്ട് കിലോമീറ്റർ എന്ന് മറുപടി നൽകി. ടൗണിൽ നിന്ന് പുതുപ്പള്ളി ഭാഗത്തേക്ക് തിരിയേണ്ട ഭാഗം സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റുമറിയിച്ചു. വീട്ടിലേക്കുള്ള ഇടുങ്ങിയ റോഡിലേക്കെത്തിയതും പ്രിയങ്ക എന്നോട് ടൂവീലർ ഓടിക്കാമോ എന്ന് ചോദിച്ചു. ഓടിക്കാമെങ്കിൽ ഞാൻ പിറകിലിരിക്കാം, നമുക്കങ്ങനെ പോകാം. ഇത് കേട്ടുനിന്ന എസ്.പി.ജി ഉദ്യോഗസ്ഥർ എന്നെ തോണ്ടി, സമ്മതിക്കരുതെന്ന് പറഞ്ഞു. ആദ്യം ഓടിക്കാമെന്ന് പറഞ്ഞ ഞാൻ കൺഫ്യൂഷനിലായി. ഒന്നും പറയാനാവാത്ത അവസ്ഥ. എങ്ങനെയോ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എസ്.പി.ജിക്കാരുടെ നിയന്ത്രണത്തിൽ തന്നെ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയുമില്ല. അവർ റോഡരികിൽ നിന്ന് പ്രിയങ്കയുടെ പര്യടനം കാണാനായി ടൗണിലാണ്. പ്രിയങ്ക വാതിൽ തുറക്കാൻ നോക്കി. ലോക്ക്ഡ്. പ്രിയങ്ക ഉമ്മറത്തുണ്ടായിരുന്ന കസേര വലിച്ചിട്ടിരുന്നു. ഞാൻ അച്ഛനെ വിളിച്ചു. അവർ എങ്ങനെയോ വേഗത്തിലെത്തി. വന്നപാടേ, അച്ഛനെയും അമ്മയെയും പ്രിയങ്ക കെട്ടിപ്പിടിച്ചു. പറയാൻ വാക്കുകളില്ലാതെ ഗദ്ഗദകണ്ഠനായി അച്ഛൻ... ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ്. അധികം വൈകാരികമായാൽ പ്രശ്നമാകും. അതിനാൽ അച്ഛനോട് അധികം ഇമോഷണലാവാതിരിക്കാൻ ഞാൻ പറഞ്ഞു... അപ്പോൾ തന്നെ പ്രിയങ്ക ഇറങ്ങുകയും ചെയ്തു. ഞാനും പിന്നാലെ...വീട്ടിൽ നിന്ന് ഒന്നും കഴിച്ചില്ല. അതിന് സാവകാശം കിട്ടേണ്ടേ..."- അരിത ആവേശത്തോടെ പറഞ്ഞു.