
തലോർ: സി.പി.എമ്മിൽ ജനാധിപത്യം ഇല്ലെന്ന് പറയുന്ന നേതാക്കൾ, കോൺഗ്രസിൽ നിന്നും 23 മുതിർന്ന നേതാക്കൾ രാജി വെച്ചതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. എൽ.ഡിഎഫ് സ്ഥാനാർത്ഥി കെ.കെ രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച വനിതക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കോൺഗ്രസിനകത്ത് എകാധിപത്യമാണെന്ന് പറഞ്ഞ് സോണിയ ഗാന്ധിക്ക് കത്തെഴുതിയാണ് നേതാക്കൾ പുറത്തു പോകുന്നത്. ഇവരാണ് പിണറായി വിജയൻ ഏകാധിപതിയാണെന്ന് പറയുന്നത്. യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിലെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലായിരുന്നു. എൽ.ഡി.എഫ് ഭരണത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കി. സ്ത്രീസുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ബി.ജെ.പിയും കോൺഗ്രസും അവർ ഭരിക്കുന്നിടത്തെ സുരക്ഷയെ കുറിച്ച് മൗനം പാലിക്കുകയാണെന്ന് അവർ കുറ്റപെടുത്തി. ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും, കോൺഗ്രസിനും ഇരട്ടത്താപ്പാണെന്ന് അവർ കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് ആദ്യം ആവശ്യപെട്ട ഇവർ പിന്നീട് വാക്ക്മാറുകയായിരുന്നു. ജയന്തി സുരേന്ദ്രൻ അദ്ധ്യക്ഷയായി.
ചെന്നിത്തലയുടെ കൈവശം നുണ പറയുന്ന യന്ത്രം
തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ നുണ പറയുന്ന യന്ത്രവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടക്കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫ് - ബി.ജെ.പി സഖ്യമാണെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ വ്യക്തമായി കഴിഞ്ഞു. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടന്ന വികസനത്തിനുള്ള ജനവിധിയാകും ഉണ്ടാവുക. തുടർഭരണമെന്ന ചരിത്രത്തിലേക്കാണ് കേരളം നീങ്ങുന്നത്. കേരളത്തിൽ വികസനം നടന്നിട്ടില്ലായെന്ന് പറയുന്ന എ.കെ ആന്റണി കേരളത്തിലേക്ക് ടൂർ പാക്കേജായെങ്കിലും വന്നാൽ അടിസ്ഥാനപരമായ വികസനം കാണാനാകും. വിദ്യാഭ്യാസ രംഗത്തും വ്യവസായിക രംഗത്തും മറ്റ് മേഖലകളിലും കൈവരിച്ച പുരോഗതി ആന്റണിക്ക് നേരിട്ടറിയാം. പ്രതിപക്ഷത്തിന് മറ്റൊരു വിഷയവും ഇല്ലാത്തതിനാലാണ് സുപ്രീം കോടതിയിലിരിക്കുന്ന ശബരിമല വിഷയം ഉയർത്തി കൊണ്ടുവന്നിരിക്കുന്നതെന്നും അവർ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഗുജറാത്ത് മോഡലിനെ തകർക്കുന്ന
കേരള മോഡൽ തുടരണം: കനയ്യകുമാർ
തൃശൂർ: പട്ടിണിയിലും ദാരിദ്ര്യത്തിലും കൈപിടിച്ചുയർത്തുന്ന കേരളമോഡൽ ഇനിയും വരണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കനയ്യ കുമാർ. ഒല്ലൂർ മണ്ഡലം സ്ഥാനാർത്ഥി കെ. രാജന്റെ വിജയത്തിനായി മരത്താക്കരയിൽ സംഘടിപ്പിച്ച പൊതുയോഗവും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ജനതയെ ആകമാനം സംരക്ഷിക്കുന്ന കേരള മോഡൽ എൽ.ഡി.എഫ് സർക്കാർ ഇനിയും വരേണ്ടത് അനിവാര്യമാണ്. കൊവിഡിനെതിരെ കേരളം തീർത്ത പ്രതിരോധം മറ്റൊരു സംസ്ഥാനത്തിനുമായിട്ടില്ല. ഇവിടുത്തെ പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെട്ടതാണ്. കേന്ദ്രം എല്ലാ പൊതുമേഖ സ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്ക് വിൽക്കുമ്പോൾ കേരളത്തിൽ വലിയ സംവിധാനങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, പൊതുആരോഗ്യ സംവിധാനങ്ങളും വളർന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.കെ ബിജു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ, വർഗ്ഗീസ് കണ്ടംകുളത്തി, പോൾ, എം. എം അവറാച്ചൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ്, ടി. കിഷോർ, കേരള കോൺഗ്രസ് എം മണ്ഡലം സെക്രട്ടറി ജെ.ഡി.എസ് ശ്രീധരൻ, കോൺഗ്രസ് എസ് നേതാവ് ജോണി എന്നിവർ സംസാരിച്ചു