
ചാലക്കുടി: അങ്കമാലി നഗരസഭ മുൻ വൈസ് ചെയർമാൻ ദേശീയപാതയിൽ മുരിങ്ങൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. നായത്തോട് കിഴക്കേ മുട്ടത്തുവീട്ടിൽ ശിവശങ്കരപ്പിള്ളയുടെ മകൻ എം.എസ്. ഗിരീഷ്‌കുമാറാണ് (56) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഗിരീഷ്‌കുമാർ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറിന്റെ പിന്നിൽ ഇതേദിശയിൽ പോയിരുന്ന വാഗൺആർ കാർ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടറിൽനിന്നും വീണ് തലയ്ക്ക് പരിക്കേറ്റാണ് ഗിരീഷ്‌കുമാറിന്റെ മരണം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗിരീഷ്‌കുമാർ അങ്കമാലിയിൽ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്നു.
2005 മുതൽ 2020 വരെ നഗരസഭ കൗൺസിലറായിരുന്നു. 2010-15 കാലയളവിൽ ഒരു വർഷവും 2015 - 2020 കാലയളവിൽ ഒന്നരവർഷവും വൈസ് ചെയർമാനായി. 16 വർഷത്തിലധികമായി അങ്കമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. അവിവാഹിതനാണ്. അമ്മ: ഗൗരിക്കുട്ടി അമ്മ. സഹോദരങ്ങൾ: സോമനാഥൻ, ലതികാദേവി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.