
കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ എതുക്കാടിനെയും പറകുന്നിനെയും ബന്ധിപ്പിക്കാൻ പുതിയ പാലം വരണം. പ്രദേശവാസികൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് മഠത്തിലഴികം - നാഗരുകാവ് ഭാഗത്ത് പുതിയ പാലം വേണമെന്നുള്ളത്.
എതുക്കാട് ഐ.ഒ.ബി റോഡിനെയും പറകുന്ന് തോട്ടാവീട് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പാലം വരേണ്ടത്. പാലം വന്നാൽ നാവായിക്കുളം, താഴെ വെട്ടിയറ, പറകുന്ന് വാർഡുകളെ ബന്ധിപ്പിക്കാനാകും. ഇവിടെയുള്ളവർക്കും സമീപപഞ്ചായത്തിലെ മുത്താന നിവാസികൾക്കും നാവായിക്കുളത്തേക്ക് യാത്ര സൗകര്യം എളുപ്പമാകും. പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസ്, ഇ.എസ്.ഐ ഡിസ്പെൻസറി, കൃഷി ഓഫീസ്, എക്‌സൈസ് സർക്കിൾ ഓഫീസ്, ഫയർ സ്റ്റേഷൻ, പ്രധാന പോസ്റ്റ് ഓഫീസ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സഹകരണ സംഘം, മാർക്കറ്റ്, നാവായിക്കുളം ഹയർ സെക്കൻഡറി സ്കൂൾ, ആയൂർവേദാശുപത്രി, സബ് രജിസ്ട്രാർ ഓഫീസ്, നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രം, ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്ക് നിത്യേന നിരവധി ആളുകൾ ഇവിടെനിന്നും പോയി വരുന്നുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ ഇവരുടെ യാത്ര എളുപ്പമാകും. പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പുതിയ പാലം നിർമ്മിക്കാമെന്ന് നേതാക്കന്മാർ നാട്ടുകാർക്ക് ഉറപ്പ് നൽകുമെങ്കിലും ഇലക്‌ഷൻ കഴിയുന്നതോടെ എല്ലാം മറക്കുകയാണ് പതിവ്. നാട്ടുകാരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും പുതിയ പാലം ആവശ്യമാണെന്നിരിക്കെ പഞ്ചായത്ത് മുൻകൈയെടുത്ത് എം.എൽ.എ ഫണ്ടോ എം.പി ഫണ്ടോ കണ്ടെത്തി പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിലെ അവസ്ഥ
നിലവിൽ ഇവിടെ തോടിന് കുറുകെ ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാനാകുന്ന നടപ്പാലം മാത്രമാണുള്ളത്. വർഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിനറുതി വരണമെങ്കിൽ വാഹനങ്ങൾക്ക് കടന്നുപോകാനാകുന്ന വിധത്തിൽ പുതിയ പാലം നിർമ്മിക്കണം.
പാലം വരുന്നതോടെ മുഖഛായ മാറും
പാലം വരുന്നതോടെ രണ്ട് റോഡുകളെയും മൂന്ന് വാർഡുകളെയും തമ്മിൽ ബന്ധിപ്പിക്കാം. ഇപ്പോൾ മൂന്നരക്കിലോമീറ്റർ ചുറ്റിയാണ് പ്രദേശവാസികൾ നാവായിക്കുളം, കല്ലമ്പലം ഭാഗങ്ങളിലേക്ക് വാഹനത്തിൽ യാത്ര ചെയ്യുന്നത്. നാവായിക്കുളത്തെത്താൻ ഇരുപത്തിയെട്ടാം മൈൽ ചുറ്റിത്തിരിയണം.
കാവനാട്ടുകോണം മഠത്തിലഴികം നാഗരാജ ക്ഷേത്രത്തിലേക്കുള്ള താലിപ്പൊലിയും വിളക്കും ഘോഷയാത്രയും ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ചെറിയ നടപ്പാലം വഴി ഏറെ കഷ്ടിച്ചാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. രണ്ട് ക്ഷേത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.