kulam

തിരുവനന്തപുരം: ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ പേരൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ കുളം നവീകരിക്കുന്നു. പടവുകളും ചുറ്റുമതിലുകളും ഇടിഞ്ഞും മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലുമായ കുളം സംസ്ഥാന സർക്കാരിന്റെ ' പുണ്യം പൂങ്കാവനം ' പദ്ധതിയുടെ ഭാഗമായാണ് നവീകരിക്കുന്നത്. 46 സെന്റിൽ സ്ഥിതി ചെയ്യുന്ന കുളം കൊതുകുവളർത്തൽ കേന്ദ്രമായി മാറിയെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. നവീകരണത്തിനായി മുൻ എം.എൽ.എ കെ. മുരളീധരന്റെ ആസ്‌തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ആ തുക റദ്ദായിരുന്നു. കുളം സംരക്ഷിക്കപ്പെടണമെന്ന ക്ഷേത്ര ഉപദേശക സമിതിയുടെയും ഭാരവാഹികളുടെയും ആവശ്യത്തെ തുടർന്നാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഇതിനായി അടുത്തിടെ മുൻ ഉപദേശക സമിതി പ്രസിഡന്റ് സി.എസ്. സുജാതന്റെ അദ്ധ്യക്ഷതയിൽ ഭാരവാഹികളും ഭക്തരും ആലോചനായോഗം ചേർന്നിരുന്നു. പുണ്യം പൂങ്കാവനം പദ്ധതിയുടെ നോഡൽ ഓഫീസറായ ഐ.ജി പി. വിജയൻ, ജില്ലാ കോ - ഓർഡിനേറ്റർ ഡിവൈ.എസ്.പി വി. സുരേഷ് കുമാർ എന്നിവരുടെ മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ച് ക്ഷേത്രക്കുളം നവീകരണത്തിനായി സി.എസ്. സുജാതൻ പ്രസിഡന്റായും എം.കെ. ദേവരാജൻ സെക്രട്ടറിയുമായി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ബിജു വി. നാഥ്, സി.എസ്. സുധൻ, ജി.ആർ. അജിത്, ദിവാകരൻ നായർ, എം.എസ്. ഹരികുമാർ, മോഹൻകുമാ‌ർ, കെ. അശോകൻ, വിജയകുമാർ, മുരളീധരൻ. എ, പത്മകുമാർ. എ, സതീന്ദ്രൻ, പ്രകാശ്, മുരളീധരൻ നായർ എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങൾ.