
ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്നും വിമുക്തമാക്കി ഭക്തജന പ്രാതിനിധ്യം മാത്രമുള്ള സ്വതന്ത്ര സംവിധാനത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യമുന്നയിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. അതൊരു വനരോദനമായി അവശേഷിക്കുന്നു. ഇത് നടക്കാത്തതിന്റെ കാരണം ക്ഷേത്രസ്വത്തിന്റെ ക്രയവിക്രയാവകാശം സംബന്ധിച്ചതാണ്. മറ്റൊന്ന് ഹൈന്ദവ സമൂഹത്തിനുള്ളിൽ സ്വാധീനമുറപ്പിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യവും.
മറ്റ് മതസമൂഹങ്ങൾക്ക് നേതൃത്വം നൽകുന്നവരെ രാഷ്ട്രീയ നേതാക്കൾ ചെന്ന് കാണുകയും പ്രീണിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുകയും ചെയ്യും. അവരുടെ ആരാധനാലയങ്ങളിലോ വസ്തുക്കളിലോ സർക്കാരിന് നിയന്ത്രണങ്ങളില്ല എന്നതിനാലാണിത്. മറിച്ച്, ഹിന്ദുവോട്ട് സമാഹരിക്കുന്നതിന് അങ്ങനെയുള്ള അടവുനയങ്ങൾ ആവശ്യമില്ല. കൂടിവന്നാൽ ഹിന്ദുക്കളിലെ പ്രബലമായ ജാതിസംഘടനാ നേതൃത്വങ്ങളുമായി മാത്രമേ സംവദിക്കേണ്ടി വരുന്നുള്ളൂ. വിഭജിച്ചു കാര്യം നേടുന്ന തന്ത്രമാണിത്. ക്ഷേത്രങ്ങളിലെ ഭരണസമിതികളിൽ തർക്കങ്ങളുടെ പേരിലോ അഴിമതിയാരോപിച്ചോ അവ പിടിച്ചെടുത്ത് തങ്ങളുടെ വരുതിയിൽ കൊണ്ടുവരികയെന്ന നയം സ്വീകരിക്കുന്ന സർക്കാരിന്റേത് തികഞ്ഞ പക്ഷപാതമാണ്.
രാഷ്ട്രീയ സംവിധാനങ്ങൾ ക്ഷേത്രങ്ങൾ കയ്യാളുമ്പോൾ ആത്മീയ സാഹചര്യങ്ങൾ ക്ഷേത്രത്തിൽ നിലനിറുത്താനും അത് പരിപോഷിപ്പിക്കാനും ശ്രമം നടക്കുന്നില്ല. ക്ഷേത്രോന്മുഖമായി ചിന്തിക്കുകയും വളരുകയും ചെയ്യുന്ന ഹിന്ദു സമൂഹത്തിനു അതുമൂലമുള്ള നഷ്ടം വളരെ വലുതാണ്. ക്ഷേത്രഭരണത്തിലൂടെ സമ്പത്ത് വർദ്ധിപ്പിക്കുക; ആർഭാടമായി ചെലവാക്കുക; സർക്കാർ സംവിധാനങ്ങളിലേക്കും രാഷ്ട്രീയ ആവശ്യങ്ങൾക്കും വകമാറ്റി ചെലവ് ചെയ്യുക എന്നിവയ്ക്കാണ് മുൻതൂക്കം. ക്ഷേത്രവുമായി ബന്ധപ്പെട്ട കലകൾ, സാഹിത്യം, എന്നിവക്കെല്ലാം ലഭിക്കേണ്ട ശ്രദ്ധയും പോഷണവും നിരാകരിക്കപ്പെടുന്നു. ക്ഷേത്രസംസ്‌കാരത്തിന്റെ മഹത്വത്തിനു വിപരീതമായി പ്രവർത്തിക്കുന്ന അവിശ്വാസികൾ പോലും ഭരണത്തിന്റെ തണൽപറ്റി വളരുന്നു.
ക്ഷേത്രവികസനമെന്നാൽ കെട്ടിട സമുച്ചയങ്ങൾ നിർമ്മിച്ച് കൂടുതൽ ധനാഗമ മാർഗങ്ങൾ കണ്ടെത്തുക എന്നല്ല. ഇതര മതസമൂഹങ്ങൾക്ക് മതപാഠശാലകളും, മതസ്ഥാപനങ്ങളും നല്ല രീതിയിൽ നിലനിറുത്തി സ്വന്തം മതത്തിലെ പൗരന്മാരെ വളർത്തികൊണ്ടുവരാനും അവരുടെ ജീവിതത്തിൽ അത് മരണം വരെ നിലനിറുത്തിക്കൊണ്ടു പോകാനും കഴിയുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ഹൈന്ദവ മതസ്ഥാപനങ്ങളിൽ ഇങ്ങനെ സംവിധാനങ്ങളൊരുക്കാൻ സർക്കാർ തയ്യാറാകില്ലെന്നു മാത്രമല്ല, നിലവിലുണ്ടായിരുന്നവ നിറുത്തലാക്കാൻ മതനിരപേക്ഷതയുടെ വികല സങ്കൽപം മുന്നോട്ടു വയ്‌ക്കുകയും ചെയ്യുന്നു.
ഇത് ഹിന്ദുക്കൾക്കിടയിൽ അപകർഷതാബോധവും അരക്ഷിതാവസ്ഥയും, അമർഷവും സൃഷ്ടിക്കുമ്പോൾ ഇതര മതസമൂഹങ്ങൾ തങ്ങളനുഭവിക്കുന്ന സ്വാതന്ത്ര്യത്താൽ ഒരുതരം മേധാശക്തിയിൽ ഊറ്റംകൊള്ളുന്നു.
ക്ഷേത്രങ്ങളുടെ മേൽ സർക്കാരിനുള്ള സ്വാധീനമില്ലാതായാൽ ഹൈന്ദവ സമൂഹം അതിന്റെ തനതായ സംസ്‌കാരത്തിൽ വളരുകയും എല്ലാ മതങ്ങളുമായും സഹവർത്തിത്വ ഭാവത്തോടെ പ്രവർത്തിച്ചു മുന്നോട്ടു പോകുകയും ചെയ്യും.
ഭരണഘടനയിൽ വളരെ വ്യക്തമായ വിധത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള 31എ (1)(ബി)വകുപ്പിനെ ദുരുപയോഗം ചെയ്തുകൊണ്ടാണ് പലപ്പോഴും ഏറ്റെടുത്ത ക്ഷേത്രങ്ങൾ സർക്കാർ തിരിച്ചു നൽകാൻ തയ്യാറാകാത്തത്. ക്ഷേത്രങ്ങൾ സർക്കാർ കൈവിട്ടാൽ അതെല്ലാം ഏറ്റെടുക്കാനുള്ള വ്യക്തമായ ചിട്ടവട്ടങ്ങളും കർമ്മപദ്ധതിയും ഹിന്ദു സമാജത്തിനില്ലെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണവും നിലനിൽക്കുന്നുണ്ട്. ഇത് പ്രശ്നത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണ്. ഏതാണ്ട് 5000 ക്ഷേത്രങ്ങൾ മാത്രമേ സർക്കാരിന്റെ ദേവസ്വം ബോർഡുകളുടെ കീഴിലുള്ളൂ. ബാക്കി ഒട്ടേറെ ക്ഷേത്രങ്ങളുടെ ഭരണം കുടുംബക്കാരോ, പ്രാദേശിക സമിതികളോ, സാമുദായിക സംഘടനകളോ നടത്തിപ്പോരുന്നു. കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പജി ആരംഭിച്ച കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ക്ഷേത്രങ്ങൾ തനതായ ദേവസ്വത്തിന്റെ കീഴിൽ പ്രാദേശിക സമിതികൾ രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. സർക്കാരിന്റെ കീഴിലുള്ള വളരെ പ്രബലമായ ക്ഷേത്രങ്ങളേക്കാൾ സാമ്പത്തിക ശക്തിയോടെയും ഭംഗിയായും പ്രവർത്തിക്കുന്ന നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സുപ്രീംകോടതി വിധി പ്രകാരമുള്ള ഭരണവ്യവസ്ഥ തന്നെ ഉദാഹരണമായെടുക്കാം. അല്പം കൂടി പൂർണമായ വ്യവസ്ഥയുണ്ടാകാൻ ക്ഷേത്ര കാര്യങ്ങളിൽ പ്രാവീണ്യമുള്ള പണ്ഡിത ശ്രേഷ്ടരെയും, ഹൈന്ദവ ധർമ്മസ്ഥാപനങ്ങളെയും, ക്ഷേത്രമേഖലയിൽ ശ്രദ്ധപതിപ്പിച്ചു പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഒരു സംവിധാനമുണ്ടാക്കാൻ ഒരു പ്രയാസവുമില്ല. ആദ്യം വേണ്ടത് സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ള ഇച്ഛാശക്തിയും സ്ഥാപിത താത്പര്യങ്ങൾ വർജ്ജിക്കാനുള്ള മനസുമാണ്.
ഇന്നിപ്പോൾ ഭക്തജനങ്ങൾ ക്ഷേത്രവിമോചനത്തിനു വേണ്ടി കോടതികൾ കയറി ഇറങ്ങുകയാണ്. സുപ്രീംകോടതി വരെ കാര്യങ്ങൾ കൊണ്ടെത്തിക്കുന്ന സർക്കാർ തങ്ങളുടെ ഭാഗം ഉറപ്പിക്കാൻ വാദിഭാഗത്തിന്റെ സാമ്പത്തിക പരാധീനതയാണ് ഇക്കാര്യത്തിൽ ചൂഷണം ചെയ്യുന്നത്. മതേതരത്വത്തിന്റെ അടിസ്ഥാന ശിലകളിലാണു തങ്ങൾ അധികാര മുറപ്പിച്ചിട്ടുള്ളതെങ്കിൽ ഹൈന്ദവരോടുള്ള വിവേചനം അവസാനിപ്പിച്ചു ക്ഷേത്രങ്ങളും ധർമസ്ഥാപനങ്ങളും അവരെ തിരിച്ചേൽപ്പിക്കാനുള്ള ധാർമികത കാണിക്കാൻ സർക്കാർ തയ്യാറാകണം.
(ലേഖകൻ കേരള ക്ഷേത്ര സംരക്ഷണ സമിതിസംസ്ഥാന സെക്രട്ടറിയാണ് )