torrace

ചിറയിൻകീഴ്: മുതലപ്പൊഴിയിലേക്ക് കൂറ്റൻ പാറകളുമായി പോകുന്ന ടോറസ് ലോറികൾ നാട്ടുകാർക്ക് അപകട ഭീഷണിയാകുന്നതായി പരാതി. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ആവശ്യമായ പാറകൾ ആറ്റിങ്ങൽ - കിളിമാനൂർ ഭാഗങ്ങളിലെ ക്വാറികളിൽ നിന്നും കൊണ്ടുവരുന്ന ടോറസ് ലോറികളാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്. ഇത്തരത്തിൽ പാറകളുമായി വരുന്ന ടോറസ് ലോറികളുടെ ടയർ പെരുമാതുറ ജംഗ്ഷന് സമീപം പല പ്രാവശ്യം പൊട്ടിയിട്ടുണ്ട്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. യാതൊരുവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ ഓവർലോഡുമായി വരുന്ന വാഹനങ്ങൾ പലപ്പോഴും പഞ്ചറായി റോഡിൽ കിടക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാവുന്ന ഇത്തരം യാത്രകൾക്ക് സുരക്ഷിത മാർഗങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഈ ടിപ്പർ യാത്രകൾക്ക് മറ്റ് ബദൽ സംവിധാനമൊരുക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ പറയുന്നു.

ഇടുങ്ങിയ റോഡും

റോഡിനോട് ചേർന്ന് വീടുകളും

മുതലപ്പൊഴി പാലം യാഥാർത്ഥ്യമായതോടെ ഏറെ വാഹനതിരക്കുള്ള റോഡായി മാറിയിരിക്കുകയാണ് പെരുമാതുറ തീരദേശ റോഡ്. പൊതുവെ വീതികുറഞ്ഞ ഈ റോഡിനിരുവശവും നിരവധി വീടുകളുമുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി കാൽനടയാത്രക്കാരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. വാഹനങ്ങളുടെ പാർക്കിംഗും ഈ റോഡിനെ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടിക്കുകയാണ്. ഇതിനിടയിലൂടെയാണ് കൂറ്റൻപാറകളുമായി തലങ്ങും വിലങ്ങും ഈ ടോറസ് ലോറികൾ ചീറിപ്പായുന്നത്.

അമിത ഭാരം

ടൺകണക്കിന് ഭാരവുമായി എത്തുന്ന ടിപ്പറുകൾ നിരന്തരം കടന്നു പോകുന്നത് കാരണം പെരുമാതുറ മാടൻവിള പാലം തകർച്ചയുടെ വക്കിലുമാണ്.

വാക്കും നോക്കുകുത്തി

പൊതുഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തടസമില്ലാത്ത വിധം പാറ കൊണ്ടുവരുന്നതിന് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാരും അദ്വാനി ഗ്രൂപ്പും തമ്മിലുള്ള ഉടമ്പടിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഉടമ്പടിയിലെ ഉറപ്പുകൾ കാറ്റിൽ പറത്തിയാണ് ലോറികളുടെ സഞ്ചാരം.