
ബാങ്കുകൾ കേൾക്കുമോ എന്ന ശീർഷകത്തിൽ കേരളകൗമുദി ഫെബ്രുവരി 18 ലെ മുഖപ്രസംഗം വായിച്ചു. കേരളത്തിലെ സർക്കാർ ബാങ്കുകളിൽ ഏറ്റവും കൂടുതൽ കിട്ടാക്കടമായി അവശേഷിക്കുന്നത് വിദ്യാഭ്യാസ വായ്പയാണ്. പല സ്വകാര്യ ബാങ്കുകളും ന്യൂജെൻ ബാങ്കുകളും വിദ്യാഭ്യാസ വായ്പ കൊടുക്കാൻ മടിച്ചപ്പോൾ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ, ധാരാളം അർഹരായ കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പകൊടുത്തത് സർക്കാർ ബാങ്കുകളാണ്. അത് അവർക്ക് പൊല്ലാപ്പായി മാറുകയും ചെയ്തു.
സ്റ്റാഫ് അക്കൗണ്ടബിലിറ്റി എന്ന പേരിൽ ലോൺ കൊടുത്ത ഓഫീസറെയും മാനേജരെയും ശിക്ഷിക്കാൻ ഒരുമ്പെടുന്ന, മാനേജ്മെന്റിന് നേരെ പലപ്പോഴും നിസഹായരായി നിൽക്കുകയാണ് ലോൺ അനുവദിച്ചവർ. മുതലോ പലിശയോ അടയ്ക്കാതെ, യാതൊരു ഇൗടും നൽകാതെ, ബാങ്ക് വായ്പയെടുക്കുന്ന ഉദ്യോഗാർത്ഥികളും മാതാപിതാക്കളും എന്തെങ്കിലുമൊക്കെ ഒഴിവ് കഴിവുകൾ പറഞ്ഞ്, വായ്‌പ തിരിച്ചടക്കാറില്ല.
ബിടെക്, മെക്കാനിക്കൽ എൻജിനീയറിംഗിന് വിദ്യാഭ്യാസ വായ്പയെടുത്ത ഒരു പയ്യന്റെ വീട്ടിൽ, വർഷങ്ങൾ പലതു പിന്നിട്ടിട്ടും വായ്‌പ തിരിച്ചടയ്ക്കാത്തതെന്തേ എന്ന ചോദ്യവുമായി മാനേജരായ ഞാൻ തന്നെ ചെന്നപ്പോൾ അറിഞ്ഞ വസ്തുത ഞെട്ടിച്ചു കളഞ്ഞു. പയ്യൻ പഠനം കഴിഞ്ഞ്, മിനിമം മാർക്കിൽ പാസായി, ഇപ്പോൾ പ്രതിമാസം 7000 രൂപയ്‌ക്ക് തൂത്തുക്കുടിയിലെ ഉപ്പളത്ത് (ഉപ്പുണ്ടാക്കുന്ന കടലോരം) സൂപ്പർ വൈസർ തസ്തികയിൽ ജോലി ചെയ്യുകയാണത്രേ!
ലോൺ കൊടുക്കാൻ വ്യക്തികളും സംഘടനകളും സമ്മർദ്ദം ചെലുത്തും. പക്ഷേ അവ പിന്നീട് കിട്ടാക്കടത്തിന്റെ പട്ടികയിൽ ഇടംനേടിയാൽ ബാദ്ധ്യത ഏറ്റെടുക്കാൻ ഒരാളുമുണ്ടാകില്ല. ലോൺ കൊടുത്ത വായ്‌പാ ഓഫീസറെയും അത് പാസാക്കിയ മാനേജരെയും മാനേജ്മെന്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കും. അതുകൊണ്ടാണ് മതിയായ ആസ്തിയില്ലാത്തവർ വന്ന് ലോൺ ചോദിക്കുമ്പോൾ ബാങ്ക് അധികൃതർ മടിക്കുന്നത്.
കിട്ടാക്കടമായാൽ സർക്കാർ ഏറ്റെടുത്തോളാം എന്നൊരു ഉറപ്പ് കൊടുത്താൽ, ബാങ്ക് അധികൃതർ വിദ്യാഭ്യാസ വായ്പയിൽ ഒരു അയഞ്ഞ സമീപനം പുലർത്തും എന്നുറപ്പാണ്. മറ്റൊരു കാര്യം സ്വകാര്യ ബാങ്കുകളോ, ന്യൂജെൻ ബാങ്കുകളോ വിദ്യാഭ്യാസ വായ്പ ചോദിച്ചെത്തുന്നവരെ, അടുപ്പിക്കുക പോലുമില്ല
.
വി.ജി. പുഷ്ക്കിൻ
റിട്ട. സീനിയർ മാനേജർ
ഇന്ത്യൻ ഓവർസീസ് ബാങ്ക്