
കല്ലമ്പലം: ദേശീയപാതയ്ക്ക് സമീപം നാവായിക്കുളം തട്ടുപാലത്ത് പ്രവർത്തിക്കുന്ന വർക്കല എക്സൈസ് സർക്കിൾ ഓഫീസിന്റെ മേൽക്കൂര ഷീറ്റ് മേഞ്ഞ് വെടിപ്പാക്കി. ചോർന്നൊലിക്കുന്ന എക്സൈസ് ഓഫീസിന്റെ ദുരവസ്ഥയെക്കുറിച്ച് 2020 ആഗസ്റ്റ് 9ന് കേരളകൗമുദി പത്രത്തിൽ "ടാർപ്പയുടെ തണലിൽ എക്സൈസ് സർക്കിൾ ഓഫീസ്" എന്ന തലക്കെട്ടിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് അഡ്വ. വി. ജോയി എം.എൽ.എയുടെ ശ്രമഫലമായാണ് എക്സൈസ് ഓഫീസിന്റെ മേൽക്കൂര ഷീറ്റ് പാകിയത്. ജീർണിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി പെയിന്റടിച്ച് മോടി പിടിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല പ്രവർത്തനമാണ് ഇതിനോടകം കാഴ്ചവച്ചത്.
ലോക്ക് ഡൗണിൽ മദ്യം കിട്ടാതെ വരികയും പ്രദേശം വ്യാജമദ്യ മാഫിയ കൈയടക്കുകയും ചെയ്തതോടെ സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക പരിശോധന നടത്തുകയും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു. വർക്കല എം.എൽ.എ വി. ജോയിയുടെ ശ്രമഫലമായാണ് നാവായിക്കുളത്ത് എക്സൈസ് സർക്കിൾ ഓഫീസ് അനുവദിച്ചത്. ഈ നവംബർ 29 ന് നാല് വർഷം പൂർത്തിയാകുന്ന സർക്കിൾ ഓഫീസിന് ഒരു ജീപ്പ് തന്നെ അനുവദിച്ചത് ഒരു വർഷം മുൻപാണ്. പല എക്സൈസ് ഓഫീസുകൾക്കും ജീപ്പ് അനുവദിച്ചെങ്കിലും ഈ ഓഫീസിനെ തുടക്കത്തിൽ അവഗണിക്കുകയായിരുന്നു. ജീപ്പ് സ്വന്തമായതോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ എക്സൈസ് ഓഫീസിന് കഴിഞ്ഞു.
ജീവനക്കാർ
സർക്കിൾ ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ, രണ്ട് പ്രിവന്റീവ് ഓഫീസർ, ഡ്രൈവർ, സി.ഇ.ഒ - 8,
13 അംഗങ്ങൾ.
പരിമിതി പ്രശ്നമായപ്പോൾ
2017 നവംബർ 29 ന് പ്രവർത്തനമാരംഭിച്ച എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തന മികവിൽ ഇതിനോടകം ശ്രദ്ധേയമാണെങ്കിലും അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുകയായിരുന്നു.
നൂറു വർഷത്തോളം പഴക്കമുള്ള ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഫയലുകളും പ്രധാന കേസ് രേഖകളും കംപ്യൂട്ടറും മറ്റും വെള്ളം വീണ് നശിക്കാതിരിക്കാൻ കെട്ടിടത്തിന് മുകളിൽ ടാർപ്പ വലിച്ചു കെട്ടിയായിരുന്നു ഓഫീസിന്റെ പ്രവർത്തനം.
ഇനിയും പരിഹരിക്കാനുണ്ട്
കുടിവെള്ളമില്ല, കിണറില്ല, വിശ്രമ മുറിയില്ല, വാഹനം പാർക്ക് ചെയ്യാൻ ഇടമില്ല തുടങ്ങിയ ബുദ്ധിമുട്ടുകൾ
ഇനിയും പരിഹരിക്കാനുണ്ട്. ഇതിനും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് ജീവനക്കാർ.