eta

കാട്ടാക്കട: തൊഴിലും വിപണിയും പ്രതിസന്ധി നേരിട്ടതോടെ ഈറ്റത്തൊഴിലാളികൾ ആശങ്കയിൽ. ലോക്ക് ഡൗണിന് പിന്നാലെയുണ്ടായ വിപണിയിലെ പ്രതിസന്ധി ഇവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. ആര്യനാട്, തോളൂർ, കുറ്റിച്ചൽ, കോട്ടൂർ, കണ്ണങ്കരമൂഴി പ്രദേശങ്ങളിൽ മാത്രം ഈറ്റയിൽ പായയും വട്ടിയും മുറവും നിർമ്മിച്ച് ഉപജീവനം തേടുന്നത് നൂറുകണക്കിന് പേരാണ്. അഗസ്‌ത്യവന മേഖലയിൽപോയി ഈറ്റ ശേഖരിക്കാൻ അനുമതി നിഷേധിച്ചതും ബാംബൂ കോർപ്പറേഷൻ ആവശ്യത്തിന് ഈറ്റ എത്തിക്കാത്തതും ദുരിതം ഇരട്ടിയാക്കിയെന്ന് തൊഴിലാളികൾ പറയുന്നു. കൂടുതൽ ഈറ്റ ലഭ്യമാക്കുകയും വനത്തിൽ നിന്നും ഈറ്റ ശേഖരിക്കാനുള്ള പാസ് ലഭ്യമാക്കുകയും ചെയ്‌താൽ പ്രതിസന്ധി മറികടക്കാമെന്ന് ഇവർ പറയുന്നു. ആനുകൂല്യങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്നും വേതന വർദ്ധനവ് നൽകി രക്ഷിക്കണമെന്നുമാണ് തൊഴിലാളികൾ പറയുന്നത്.

തൊഴിലാളികളെ കൈവിടരുത്

------------------------------------------------

മുമ്പ് കോട്ടൂർ വനമേഖലകളിൽ നിന്നും ഈറ്റ ശേഖരിക്കാൻ അനുമതി നൽകിയിരുന്നു. ഒരാഴ്ചത്തേക്ക് നൽകിയിരുന്ന പാസ് പിന്നീട് ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കി. വന്യമൃഗ ശല്യമുള്ള കാട്ടിൽ ജീവൻ പണയംവച്ചു ഉപജീവനത്തിനായി പോയാൽ ആകെ 30 ഈറ്റയിൽ കൂടുതൽ ഒരാൾക്ക് മുറിക്കാൻ അനുവാദവുമില്ല. ഒരു പായ നിർമ്മിക്കാൻ രണ്ടുദിവസം വേണം. കോർപറേഷനിൽ നിന്നും ലഭിക്കുന്ന ഈറ്റ ആയതിനാൽ ഉത്പന്നമാക്കി തിരികെ നൽകണം. പ്ലൈവുഡ് ഉണ്ടാക്കാൻ ആറടി നീളവും നാലടി വീതിയുമുള്ള വെള്ളപ്പായ നിർമ്മിച്ച് നൽകിയാൽ 84 രൂപയാണ് ലഭിക്കുക. തട്ടിക്ക് വേണ്ടിയുള്ള പായ നിർമ്മിച്ചാൽ 50 രൂപയും ലഭിക്കും.

ചെലവ് കൂടുതൽ

വനത്തിൽ നിന്നും ഈറ്റയുമായി മടങ്ങുമ്പോൾ 100 രൂപയോളം ചെലവാകും. 54 രൂപയാണ് പാസിന് നൽകുന്നത്. ഇവ വില്പനയ്‌ക്കെത്തിക്കാനുള്ള ചെലവുകൾ വേറെയും. 24 മണിക്കൂർ പരമാവധി സമയമാണ് പാസിന് അനുവദിച്ചിരിക്കുന്നത്. ഈറ്റകൾ തലച്ചുമടായി തിരികെ കാപ്പുകാട് എത്തിക്കണം. വീട്ടിലെത്തിക്കാൻ 500 മുതൽ 750 രൂപ വരെ വണ്ടിക്കൂലി നൽകണം.

 തൊഴിലാളികൾക്ക് അനുമതി - 30 ഈറ്റ മുറിക്കാൻ മാത്രം

നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ

70 ഈറ്റത്തൊഴിലാളി ഗ്രാമങ്ങൾ

ആവശ്യങ്ങൾ

*******************************

1. ന്യായവില ലഭ്യമാക്കണം

2. ഈറ്റ കൂടുതൽ നൽകുക

3. ഡി.എ കുടിശിക നൽകുക

4. ധനസഹായം ലഭ്യമാക്കണം

5. മിനിമം വേതനം അനുവദിക്കുക

ബാംബൂ കോർപ്പറേഷൻ ഇടപെടൽ ഫലപ്രദമാക്കണം. തൊഴിലാളികൾക്ക് യഥാസമയം ഈറ്റ എത്തിക്കുന്നതിനോ ന്യായ വില ലഭ്യമാക്കാനോ പണിക്കൂലി കൂട്ടുന്നതിനോ നടപടിയുണ്ടാകുന്നില്ല. പ്രശ്‌നങ്ങൾ പരിഹരിക്കാനും വിഭവങ്ങൾ വിറ്റഴിക്കാനും സഹായമെത്തിക്കണം

ജി.ഷൺമുഖൻ,

പരമ്പരാഗത - ഈറ്റ, തഴ - ചൂരൽ - കാട്ടുവള്ളി

വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി